Quantcast

ബീഫ് കടത്തിയെന്ന് ആരോപിച്ച് അലിഗഢിൽ നാല് മുസ്‌ലിം യുവാക്കളെ ക്രൂരമായി മർദിച്ച് ഹിന്ദുത്വവാദികൾ; ട്രക്ക് കത്തിച്ചു

അർബാസ്, അഖീൽ, കദീം, മുന്ന ഖാൻ എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്.

MediaOne Logo

Web Desk

  • Updated:

    2025-05-25 11:58:49.0

Published:

25 May 2025 4:04 PM IST

Cow Vigilantes Strip, Brutally Assault Four Muslim Men in UP
X

അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വവാദികൾ ക്രൂരമായി മർദിച്ചു. അലിഗഢിലെ അൽഹാദാദ്പൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. യുവാക്കൾ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികൾ കത്തിച്ചു. അർബാസ്, അഖീൽ, കദീം, മുന്ന ഖാൻ എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്.

വാഹനത്തിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിൾ പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

''ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണർ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണർ അവരെ തടഞ്ഞുനിർത്തി ആക്രമിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി''-അലിഗഢ് റൂറൽ എസ്പി അമൃത് ജയിൻ പറഞ്ഞു.

ബീഫ് കടത്തിയെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. പരാതി നൽകാൻ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുകയെന്നും അമൃത് ജയിൻ പറഞ്ഞു.

അതേസമയം യുവാക്കളെ മർദിച്ച ഹിന്ദുത്വ പ്രവർത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിഎച്ച്പി, ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ആരോപിക്കുന്നത്.

മർദനമേറ്റ നാലുപേരിൽ മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. ''പരിക്കിനെക്കുറിച്ച് ഞാൻ വിശദീകരിക്കുന്നില്ല. നിങ്ങൾ വീഡിയോകൾ കാണുക. എന്റെ മകൻ ആശുപത്രിയിൽ ജീവന് വേണ്ടി പൊരുതുകയാണ്''-അഖീലിന്റെ പിതാവ് സലീം ഖാൻ പറഞ്ഞു.

മേയ് 24ന് അലിഗഢിലെ അൽ-അമ്മാർ ഫ്രോസൺ ഫുഡ്സ് മാംസ ഫാക്ടറിയിൽ നിന്ന് പോത്തിറച്ചി കയറ്റി ഒരു പിക്ക്-അപ്പ് ട്രക്കിൽ നാലുപേരും അത്രൗളിയിലേക്ക് മടങ്ങുകയായിരുന്നു. രാവിലെ 8:30ന് ഹർദുവാഗഞ്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള സാധു ആശ്രമത്തിൽ വെച്ച് വാഹനം ഒരു സംഘം തടഞ്ഞുവെന്നാണ് സലീം ഖാൻ നൽകിയ പരാതിയിൽ പറയുന്നത്. വഴിയിൽ ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങൾക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകൾ അവകാശപ്പെട്ടു. പരാതിയിൽ വിഎച്ച്പി നേതാവ് രാജ്കുമാർ ആര്യ, ബിജെപി നേതാവ് അർജുൻ സിങ് എന്നിവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്.

സംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബിൽ കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കിൽ വലിയ പണം നൽകാനായിരുന്നു അക്രമികൾ ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നൽകാൻ വിസമ്മതിച്ചപ്പോൾ അവരുടെ വാഹനം തകർക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികൾ യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മർദനം തുടർന്നതായാണ് ചില വീഡിയോകളിൽ നിന്ന് വ്യക്തമാവുന്നത്.

TAGS :

Next Story