Quantcast

വോട്ടർ പട്ടികയിലെ പേരിൽ അവ്യക്തത: ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തന്നെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ആനി രാജ പ്രതികരിച്ചു

MediaOne Logo
വോട്ടർ പട്ടികയിലെ പേരിൽ അവ്യക്തത: ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
X

ന്യൂഡൽഹി: ഡൽഹി എസ്ഐആറിന്റെ ഭാഗമായി സിപിഐ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വോട്ടർ പട്ടികയിലെ പേരിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. ആവശ്യമായ രേഖകൾ ഹാജരാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, തന്നെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ആനി രാജ ആരോപിച്ചു. കഴിഞ്ഞ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയായിരുന്നുവെന്നും അന്ന് കമ്മീഷൻ കാണാത്ത പ്രശ്നമാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കി. ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിലെ ബെല്ല എസ്റ്റേറ്റിൽ വോട്ടർമാരെ കൂട്ടത്തോടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മുതിർന്ന നേതാവിനും നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ബെല്ല എസ്റ്റേറ്റിലെ 729 വോട്ടർമാരിൽ 632 പേരെയാണ് ‘താമസം മാറി’ എന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തവരുടെ പേരുകളാണ് ഇത്തരത്തിൽ നീക്കം ചെയ്തത്. സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ. 80 വർഷത്തിലേറെയായി ബെല്ല എസ്റ്റേറ്റിൽ താമസിക്കുന്നവരുടെയും 2023ലെ വെള്ളപ്പൊക്കത്തെ തുടർന്ന് താൽക്കാലികമായി മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവരുടെയും പേരുകൾ ഉൾപ്പെടെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

TAGS :

Next Story