ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ അപലപിച്ച് സിപിഎം
ഏഴംഗം സിപിഎം പ്രതിനിധിസംഘം ജൂൺ 10ന് കശ്മീർ സന്ദർശിക്കും. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുതിര സവാരിക്കാരൻ ആദിലിന്റെ കുടുംബത്തെ സംഘം കാണും.

ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ അപലപിച്ച് സിപിഎം. കേന്ദ്ര സർക്കാർ ഇസ്രായേലുമായുള്ള സൈനിക, സുരക്ഷാബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഗസ്സയിലെ വംശഹത്യക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ ഫലസ്തീന്റെ ലക്ഷ്യത്തിനൊപ്പം ഉറച്ചുനിൽക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണം മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ വിദ്വേഷപ്രചാരണത്തിന് ഹിന്ദുത്വശക്തികൾ ഉപയോഗിക്കുന്നു. ഓപറേഷൻ സിന്ദൂറിന് ശേഷം സൈന്യത്തെ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ബിജെപിയും പ്രധാനമന്ത്രിയും ഉപയോഗിക്കുന്നത്. ബിഹാറിലെയും ബംഗാളിലെയും മോദിയുടെ പ്രസംഗങ്ങൾ ഇതിന് തെളിവാണ്. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. ഭീകരവാദത്തിനെതിരെയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയും ജൂണിൽ ഒരാഴ്ച നീണ്ട പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.എ ബേബി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാത്തതിനെ സിപിഎം അപലപിച്ചു. ഭീകരവാദത്തെ സൈനിക നടപടികൾകൊണ്ട് മാത്രം നേരിടാനാവില്ല. ഏഴംഗം സിപിഎം പ്രതിനിധിസംഘം ജൂൺ 10ന് കശ്മീർ സന്ദർശിക്കും. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുതിര സവാരിക്കാരൻ ആദിലിന്റെ കുടുംബത്തെ സംഘം കാണും.
ജനങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ വർഗീയ ശക്തികൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ പ്രവർത്തിക്കുകയായിരുന്നു. വർഗീയ ശക്തികൾ പരോക്ഷമായി തീവ്രവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. പഹൽഗാമിന് ശേഷം വർഗീയ പ്രചാരണം നടത്താൻ ആസൂത്രിത ശ്രമമുണ്ടായി. കേണൽ സോഫിയ ഖുറേഷിയെ പോലും വെറുതെവിട്ടില്ല. ഇതിൽ ഉചിതമായ നടപടിയെടുക്കുന്നതിൽ കേന്ദ്ര പരാജയപ്പെട്ടുവെന്നും എം.എ ബേബി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് വിളിച്ചുചേർത്ത രണ്ട് സർവകക്ഷിയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തില്ല. എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മാത്രമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇന്ത്യയുടെ പ്രധാനമന്ത്രി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയായി മാറരുത്. വിദേശത്തേക്ക് പ്രതിനിധിസംഘത്തെ അയക്കുന്നതിൽ പാർട്ടികളുമായി ചർച്ച നടത്തിയില്ല. പാർട്ടികളോട് ആലോചിക്കാതെ പ്രതിനിധികളെ നിശ്ചയിച്ച് മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നും എം.എ ബേബി ആരോപിച്ചു.
Adjust Story Font
16

