2023 മുതൽ പാകിസ്താന് രഹസ്യവിവരങ്ങൾ കൈമാറി; സിആർപിഎഫ് ജവാൻ അറസ്റ്റിൽ
സിആർപിഎഫിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ മോത്തി റാം ജാട്ട് ആണ് അറസ്റ്റിലായത്.

ന്യൂഡൽഹി: പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാർക്ക് രഹസ്യവിവരങ്ങൾ കൈമാറിയ സിആർപിഎഫ് ജവാനെ എൻഐഎ അറസ്റ്റ് ചെയ്തു. സിആർപിഎഫിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ മോത്തി റാം ജാട്ട് ആണ് അറസ്റ്റിലായത്. 2023 മുതൽ ഇയാൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാർക്ക് കൈമാറിയിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പാട്യാല ഹൗസ് സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കിയ മോത്തി റാമിനെ ജൂൺ ആറുവരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കൈമാറിയതിന് പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരിൽ നിന്ന് മോത്തി റാം പണം കൈപ്പറ്റിയിരുന്നതായി എൻഐഎ പറഞ്ഞു. സിആർപിഎഫ് 116-ാം ബറ്റാലിയനിൽ സബ് ഇൻസ്‌പെക്ടറാണ് മോത്തി റാം. ഡൽഹിയിൽവെച്ചാണ് അദ്ദേഹത്തെ എൻഐഎ അറസ്റ്റ് ചെയ്തത്. ചാരവൃത്തിക്ക് അറസ്റ്റിലായതിന് പിന്നാലെ മോത്തി റാമിനെ സിആർപിഎഫ് ഉടനടി സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
സോഷ്യൽ മീഡിയ വഴിയാണ് മോത്തി റാം പാക് ഏജൻസികളുമായി ബന്ധപ്പെട്ടിരുന്നത്. ലക്ഷക്കണക്കിന് രൂപ പാക് ഏജൻസികൾ മോത്തി റാമിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
മോത്തി റാമിന് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് മോത്തി റാം പഹൽഗാമിൽ ജോലി ചെയ്തിരുന്നു. ഇയാളെ പഹൽഗാമിൽ നിന്ന് സ്ഥലംമാറ്റി ആറുദിവസത്തിന് ശേഷമാണ് ഭീകരാക്രമണം ഉണ്ടായത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ചാരവൃത്തി നടത്തുന്നവരെ കണ്ടെത്താനായി സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിരുന്നു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 19 പേരെയാണ് അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തത്. പാകിസ്താൻ നിയന്ത്രിക്കുന്ന ഒരു ചാരശൃംഖല ഉത്തരേന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ചാരവൃത്തിക്ക് അറസ്റ്റിലായവരിൽ രണ്ടുപേർ സ്ത്രീകളാണ്. ഇതിൽ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ഇവർക്ക് യൂട്യൂബിൽ 3.77 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇൻസ്റ്റഗ്രാമിൽ 1.33 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്. പഞ്ചാബ് സ്വദേശിയായ ഗുസാലയാണ് രണ്ടാമത്തെ വനിത.
ഇവർക്ക് രണ്ടുപേർക്കും പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥാനായിരുന്ന ഡാനിഷ് എന്നറിയപ്പെടുന്ന ഇഹ്‌സാനുറഹീമുമായി ബന്ധമുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഡാനിഷിനെ ഈ മാസം ആദ്യത്തിൽ ഇന്ത്യ പുറത്താക്കിയിരുന്നു. നയതന്ത്ര മാനദണ്ഡങ്ങൾ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡാനിഷിനെ പുറത്താക്കിയത്.
Adjust Story Font
16

