മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് കേസിൽ ക്യുറേറ്റീവ് പെറ്റീഷൻ സമർപ്പിക്കാൻ നീക്കം
പുനഃപരിശോധനാ ഹരജി ഉൾപ്പെടെയുള്ള മറ്റു എല്ലാ വഴികളും തീർന്നതിന് ശേഷം സമർപ്പിക്കുന്നതാണ് ക്യുറേറ്റീവ് പെറ്റീഷൻ

കോഴിക്കോട്: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്യുറേറ്റീവ് പെറ്റീഷൻ സമർപ്പിക്കാൻ നീക്കം. നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ പ്രൊഫ. മോഹൻ ഗോപാൽ ആണ് ഹരജി സമർപ്പിക്കാനൊരുങ്ങുന്നത്. ചന്ദ്രചൂഢിന്റെ വെളിപ്പെടുത്തിലിൽ ക്യുറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് മോഹൻ ഗോപാൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച സെമിനാറിൽ വ്യക്തമാക്കിയിരുന്നു.
അഡ്വ. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് പ്രതികരണമായാണ് ക്യുറേറ്റീവ് പെറ്റീഷനെ കുറിച്ച് മോഹൻ ഗോപാൽ പറഞ്ഞത്. സുപ്രിംകോടതിയുടെ അന്തിമ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന് ഇന്ത്യയിൽ ലഭ്യമായ അവസാന നിയമപരമായ മാർഗമാണ് ക്യുറേറ്റീവ് പെറ്റീഷൻ. പുനഃപരിശോധനാ ഹരജി ഉൾപ്പെടെയുള്ള മറ്റു എല്ലാ വഴികളും തീർന്നതിന് ശേഷം സമർപ്പിക്കുന്നതാണ് ക്യുറേറ്റീവ് പെറ്റീഷൻ. ബാബരി കേസിൽ മോഹൻ ഗോപാൽ ക്യുറേറ്റീവ് പെറ്റീഷൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നും താമസിയാതെ അത് ഫയൽ ചെയ്യുമെന്നും അറിയിച്ചതായി സി.എച്ച് ചെയർ ഡയറക്ടർ ഖാദർ പാലാഴി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നായിരുന്നു ചന്ദ്രചൂഢിന്റെ പ്രസ്താവന. 1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിന്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് 'മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം' എന്ന് ചന്ദ്രചൂഢ് പറഞ്ഞത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം വാദിച്ചു. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനിൽക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ഒരു വിധിനിർണയം നടത്തുന്നതിന് വേണ്ടി സമീപ്പിക്കേണ്ടുന്ന അടിസ്ഥാന പ്രോട്ടോകോൾ പാലിച്ചാൽ ജനങ്ങൾക്ക് ബോധമാകുന്ന രൂപത്തിൽ വിധി പറയാൻ സാധിക്കുമെന്നും എന്നാൽ അയോധ്യ വിധിയിൽ തുടക്കം മുതൽ തന്നെ അത്തരം കാര്യങ്ങൾ പാലിച്ചിരുന്നില്ലെന്നും മോഹൻ ഗോപാൽ സെമിനാറിൽ പറഞ്ഞിരുന്നു. പൂർണമായും ദൈവശാസ്ത്രമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബാബരി മസ്ജിദ് വിധി പറഞ്ഞത്. ജഡ്ജിമാർ വിധിനിർണയത്തിൽ സുതാര്യരായിരിക്കണമെന്നും മോഹൻ ഗോപാൽ പറഞ്ഞു.
നീതിയുടെ ഗുരുതരമായ പിഴവ് അല്ലെങ്കിൽ കോടതി പ്രക്രിയയുടെ ദുരുപയോഗം എന്നിവ തടയുന്നതിനുള്ള ഒരു ഉപകരണമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. സ്വാഭാവിക നീതി തത്വങ്ങളുടെ ലംഘനം പോലുള്ള വളരെ പരിമിതമായ കാരണങ്ങളാൽ മാത്രമേ ഇത് സമർപ്പിക്കാൻ കഴിയൂ. മുതിർന്ന ജഡ്ജിമാരുടെ ഒരു ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിശോധിക്കുന്നത്.
Adjust Story Font
16

