Quantcast

ജി 23 മുറവിളി കേട്ടു; പ്രവർത്തക സമിതി വിളിച്ച് സോണിയ

ഒക്ടോബർ 16ന് ന്യൂഡൽഹിയിലാണ് സമിതി യോഗം ചേരുക

MediaOne Logo

Web Desk

  • Updated:

    2021-10-09 11:49:43.0

Published:

9 Oct 2021 5:18 PM IST

ജി 23 മുറവിളി കേട്ടു; പ്രവർത്തക സമിതി വിളിച്ച് സോണിയ
X

ന്യൂഡൽഹി: നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ചർച്ച ചെയ്യാൻ പ്രവർത്തക സമിതി വിളിച്ചുചേർത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഒക്ടോബർ 16ന് ന്യൂഡൽഹിയിലാണ് സമിതി യോഗം ചേരുക. പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് പിന്നാലെ ജി 23 നേതാക്കൾ നേരത്തെ പ്രവർത്തക സമിതി വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയുടെ നടപടി.

അക്ബർ റോഡിലെ ഐഐസിസി ആസ്ഥാനത്ത് രാവിലെ പത്തു മുതൽ പ്രവർത്തക സമിതി സമ്മേളിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയാണ് അറിയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പു കൂടി സമിതി ചർച്ച ചെയ്യുമെന്ന് വേണുഗോപാൽ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, 2019 ജൂലൈയിൽ രാഹുൽഗാന്ധി അധ്യക്ഷപദം രാജിവച്ച ശേഷം കോൺഗ്രസിന് ഇതുവരെ മുഴുസമയ പ്രസിഡണ്ടില്ല. ഉത്തർപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിൽ നിർണായക തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ പാർട്ടിക്ക് അധ്യക്ഷൻ വേണമെന്നാണ് പൊതുവികാരം. ഇക്കാര്യം നേരത്തെ ഗുലാം നബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ്മ, ശശി തരൂർ തുടങ്ങിയ ജി 23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബ് പ്രതിസന്ധിയിൽ തീരുമാനങ്ങൾ എടുക്കുന്നത് ആരാണ് എന്നുവരെ കപിൽ സിബൽ ചോദിച്ചിരുന്നു. 'ഞങ്ങളുടെ പാർട്ടിയിൽ പ്രസിഡണ്ടില്ല. അതുകൊണ്ടു തന്നെ ആരാണ് ഈ തീരുമാനങ്ങൾ എടുക്കുന്നത് അറിയില്ല. ഞങ്ങൾ ജീ ഹുസൂർ 23 അല്ല. സംസാരിച്ചു കൊണ്ടേയിരിക്കും. ഞങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കും' എന്നാണ് സിബൽ തുറന്നടിച്ചത്.

നിലവിൽ രാജ്യത്ത് പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിങ്ങനെ ആറു സംസ്ഥാനത്തു മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളത്. ഇതിൽ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മുഖ്യമന്ത്രിപദം കോൺഗ്രസിനാണ്.

TAGS :

Next Story