' 18 മാസത്തിനുള്ളിൽ സൈബര്‍ കുറ്റവാളികൾ തട്ടിയെടുത്തത് 107 കോടി, തട്ടിപ്പിനിരയായവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി
റായ്പൂർ സിറ്റി ബിജെപി എംഎൽഎ സുനിൽ കുമാർ സോണിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി വിജയ് ശർമയാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്

റാഞ്ചി: ഛത്തീസ്ഗഡിൽ 2024 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ സൈബർ കുറ്റവാളികൾ 1,301 പേരിൽ നിന്നായി തട്ടിയെടുത്തത് 107.03 കോടി രൂപ. ഇതേ കാലയളവിൽ 107 കേസുകളിലായി 3.69 കോടി രൂപ (3.36%) മാത്രമാണ് പൊലീസിന് തിരിച്ചുപിടിക്കാനായത്.
റായ്പൂർ സിറ്റി ബിജെപി എംഎൽഎ സുനിൽ കുമാർ സോണിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി വിജയ് ശർമയാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് പേരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതെന്നും ചിലര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നതായും സുനിൽ കുമാര്‍ ചൂണ്ടിക്കാട്ടി. റായ്പൂരിൽ മാത്രം 47.57 കോടി തട്ടിയെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ 33 ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 10.20 കോടി രൂപയുമായി ബിലാസ്പൂരും 9.65 കോടി രൂപയുമായി ദുർഗും തൊട്ടുപിന്നിൽ. ''സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിന് കഴിവുണ്ടോ? കൂടാതെ, ബാങ്ക് ഉദ്യോഗസ്ഥരും ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ട് - അതിനാൽ അവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?" സോണി ചോദിച്ചു.
"സൈബർ വിദഗ്ദധനെ എംപാനൽ ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. സൈബർ കമാൻഡോകൾ എന്ന ആശയവും നടപ്പിലാക്കിയിട്ടുണ്ട്," ശർമ മറുപടി നൽകി.ഓരോ ജില്ലയിലെയും സൈബർ പൊലീസ് യൂണിറ്റുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് പറഞ്ഞു: "സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി, ഒരു സംസ്ഥാന സൈബർ പൊലീസ് സ്റ്റേഷനും അഞ്ച് റേഞ്ച് സൈബർ പൊലീസ് സ്റ്റേഷനുകളും റേഞ്ച് തലത്തിൽ പ്രവർത്തിക്കുന്നു. ജില്ലാ തലത്തിലും സൈബർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്, ചില ജില്ലകളിൽ സൈബർ പൊലീസ് സ്റ്റേഷനുകൾക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്." മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനിടെ ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനായി റായ്പൂരിലെ പൊലീസ് ആസ്ഥാനത്ത് ആധുനിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു സൈബർ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"സൈബർ കുറ്റകൃത്യ ഗവേഷണ ശേഷി വികസിപ്പിക്കുന്നതിനായി, ഡാർക്ക് വെബ്/ക്രിപ്‌റ്റോ കറൻസി പോലുള്ള സങ്കീർണമായ വിഷയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കാലാകാലങ്ങളിൽ പരിശീലനം നൽകിവരുന്നു. സി-ഡാക്, സർദാർ വല്ലഭ് ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമി തുടങ്ങിയ രാജ്യത്തെ പ്രശസ്തമായ സ്ഥാപനങ്ങൾ വഴി പരിശീലനം നൽകിവരുന്നു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനായി ഒരു ഗസറ്റഡ് ഓഫീസറും സംസ്ഥാനത്ത് നിന്നുള്ള മറ്റ് അഞ്ച് ഉദ്യോഗസ്ഥരും സൈബർ കമാൻഡോ സ്കീമിന് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്," വകുപ്പ് പറഞ്ഞു.
Adjust Story Font
16

