കർണാടകയിൽ ദലിത് ദമ്പതികളെ ക്ഷേത്രത്തിൽ നിന്ന് ആട്ടിയോടിച്ചു: ഒരാൾ അറസ്റ്റിൽ, അഞ്ച് പ്രതികൾ ഒളിവിൽ
ദേവിയുടെ വെളിപാടുണ്ടായി എന്നു പറഞ്ഞ് ഉറഞ്ഞുതുള്ളുക്കൊണ്ട് ദമ്പതികളെ തടയുകയായിരുന്നു

- Published:
22 Feb 2026 7:51 PM IST

തുമാകുരു: കർണാടകയിലെ തുമാകുരു ജില്ലയിൽ നവദമ്പതികളായ ദലിത് ദമ്പതികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും അധിക്ഷേപിച്ച് പുറത്താക്കുകയും ചെയ്ത ഒരാൾ പൊലീസ് പിടിയിൽ. തുരുവെക്കരെ താലൂക്കിലെ ഗോണി തുമാകുരു ഗ്രാമത്തിലാണ് സംഭവം. പ്രതിയായ നാരായണപ്പയെയാണ് പൊലീസ് പിടിയിലായത്. പ്രതികൾക്കെതിരെ എസ്‌സി-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
നവദമ്പതികളായ പങ്കജയും പുനീതും ഗ്രാമത്തിലെ അരസമ്മ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിയായ നാരായണപ്പ തനിക്ക് അരസമ്മ ദേവിയുടെ വെളിപാടുണ്ടായി എന്നു പറഞ്ഞ് ഉറഞ്ഞുതുള്ളുകയും ദമ്പതികളെ തടയുകയുമായിരുന്നു. 'ദലിതർക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനമില്ല' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഇയാൾ ദമ്പതികളെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി. പൂജകൾ മറ്റെവിടെയെങ്കിലും പോയി ചെയ്യാൻ ആക്രോശിച്ചു കൊണ്ട് ദമ്പതികളെ ക്ഷേത്ര പരിസരത്ത് നിന്ന് ഇയാൾ ആട്ടിയോടിക്കുകയും ചെയ്തു.
ദമ്പതികളെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പങ്കജയുടെ സഹോദരൻ ജഗദീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുരുവെക്കരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നാരായണപ്പയെ കൂടാതെ പ്രഭ, കാന്തണ്ണ, അമുല്യ, പുട്ടെഗൗഡ, പത്മ എന്നിവരാണ് പ്രതികൾ. തഹസിൽദാർ എൻ.എ കുഞ്ഞി അഹമ്മദ്, ഡിവൈഎസ്പി ഓംപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് സമാധാന യോഗം വിളിച്ചുചേർത്തു.
Adjust Story Font
16
