റായ്ബറേലിയിൽ മോഷ്ടാവെന്നാരോപിച്ച് ദലിത് യുവാവിനെ തല്ലിക്കൊന്നു; വിമർശനവുമായി കോൺഗ്രസ്
സംഭവത്തിൽ ബിജെപി സർക്കാറിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

Photo | The Wire
റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മോഷ്ടാവെന്നാരോപിച്ച് ദലിത് യുവാവിനെ തല്ലിക്കൊന്നു. ഒക്ടോബർ രണ്ടിന് ഉഞ്ചഹാർ ഗ്രാമത്തിലെ റെയിൽവേ ട്രാക്കിന് സമീപത്താണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബിജെപി സർക്കാറിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
ഫത്തേപൂർ ജില്ലയിലെ താരാവതി കാ പൂർവ ഗ്രാമത്തിൽ നിന്നുള്ള ഹരിയോം ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡ്രോണുപയോഗിച്ച് ഇയാൾ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യുകയും തല്ലിക്കൊല്ലുകയുമായിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞതായും കൊലപാതകത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു. വിഷയത്തിൽ പൊലീസിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പൊലീസിൻ്റെ സാന്നിദ്ധ്യത്തിലാണ് മർദനം നടന്നതെന്നും ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായും ഉത്തർ പ്രദേശ് കോൺഗ്രസ് പ്രസിഡൻ്റ് അജയ് റായ് പറഞ്ഞു.
സംഭവത്തെതുടർന്ന് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പറഞ്ഞു. 'ദലിത് സമൂഹത്തിനെതിരെ ഗുരുതരമായ കുറ്റകൃത്യമാണ് റായ്ബറേലിയിൽ നടന്നത്. ഇത് നമ്മുടെ രാജ്യത്തിനും സമൂഹത്തിനും ആഴത്തിൽ മുറിവേൽപ്പിക്കുന്നു. പാർട്ടി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർകെയും രാഹുൽ ഗാന്ധിയും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആശങ്കാജനകമായി വർധിക്കുന്നുവെന്നും പാർട്ടി നിരീക്ഷിച്ചു. ബിജെപി അധികാരത്തിൽ വന്ന 2014 മുതൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ വർധിച്ചിട്ടുണ്ടെന്നും പാർട്ടി കുറ്റപ്പെടുത്തി.
Adjust Story Font
16

