Quantcast

കള്ളക്കേസ് ചുമത്തി ജയിലിലിടച്ചു, ക്രൂരമായി മർദിച്ചു, മൂത്രം കുടിപ്പിച്ചു; യുപി പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി ദലിത് വിദ്യാർഥി

കേസിൽ രണ്ടാഴ്ച ജയിലിൽ കിടന്ന ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും രണ്ടാം വർഷ ബിഎ എൽഎൽബി വിദ്യാർഥി പറയുന്നു.

MediaOne Logo

Web Desk

  • Published:

    9 Jun 2023 12:36 PM GMT

Dalit student accuses Up cops of assault, false case
X

നോയ്ഡ: ഉത്തർപ്രദേശിൽ പൊലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി ദലിത് വിദ്യാർഥിയുടെ പരാതി. യു.പിയിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ​ഗ്രേറ്റർ നോയിഡയിൽ കഴിഞ്ഞവർഷം നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

അലിഗഡ് ജില്ലയിൽ നിന്നുള്ള 22കാരനായ നിയമവിദ്യാർഥിയാണ് ഗ്രേറ്റർ നോയിഡ ഏരിയയിലെ സെക്ടർ ബീറ്റ- 2 പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെ ആരോപണവുമായി രം​ഗത്തുവന്നത്. പണം തട്ടിയെന്ന കള്ളക്കേസിൽ പൊലീസ് തന്നെ കുടുക്കിയെന്നും പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിച്ചെന്നും നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും പേര് വെളിപ്പെടുത്താത്ത യുവാവ് വ്യക്തമാക്കി.

കേസിൽ രണ്ടാഴ്ച ജയിലിൽ കിടന്ന ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും രണ്ടാം വർഷ ബിഎ എൽഎൽബി വിദ്യാർഥി പറയുന്നു. പ്രദേശത്തെ ഒരു മസാജ് സെന്ററിൽ നിന്ന് സെക്‌സ് റാക്കറ്റ് നടത്തുന്നതായി ഗൗതം ബുദ്ധ നഗർ പൊലീസിന് വിവരം ലഭിക്കുകയും ഉടമയായ സ്ത്രീയെ 2021 ജൂണിൽ നോയിഡയിലെ സെക്ടർ 49 പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നതായും വിദ്യാർഥി പറഞ്ഞു. എന്നാൽ ഈ സ്ത്രീയും അവരുടെ ഭർത്താവും തനിക്കെതിരെ‌ കള്ളക്കേസ് നൽകുകയായിരുന്നു.

ഇതുപ്രകാരം, കഴിഞ്ഞ വർഷം നവംബർ 18ന് ഗ്രേറ്റർ നോയിഡയിലെ എസ്എൻജി പ്ലാസയ്ക്ക് പുറത്തുനിന്ന് തന്നെ പൊലീസ് പിടികൂടുകയും ബീറ്റ 2 പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു- വിദ്യാർഥി വിശദമാക്കി. രക്തസ്രാവമുണ്ടാകും വിധം അവർ മർദിച്ചു. താൻ ഫിസ്റ്റുല ഓപ്പറേഷന് വിധേയനായ ആളാണെന്ന് അവരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.‌‌

പിന്നീട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ, ശൗചാലയത്തിൽ നിന്ന് ഒരു പാത്രത്തിൽ മൂത്രം കൊണ്ടുവരികയും അത് കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഞാൻ വിസമ്മതിക്കുകയും പാത്രം തട്ടിക്കളയുകയും ചെയ്തു. കുറച്ച് മൂത്രം എന്റെ വായിലും ദേഹത്തും വീണു- യുവാവ് പറഞ്ഞു.

ഉച്ചയ്ക്ക് 1.30ഓടെയാണ് പൊലീസ് പിടികൂടിയതെങ്കിലും വൈകീട്ട് അഞ്ചിന് ശേഷം എന്നാണ് പൊലീസ് എഴുതിയത്. തുടർന്ന് രണ്ടാഴ്ച ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും അന്നുമുതൽ തനിക്കെതിരായ തെറ്റായ എഫ്ഐആർ റദ്ദാക്കാനുള്ള പോരാട്ടം തുടരുകയാണെന്നും വിദ്യാർഥി സോഷ്യൽമീ‍ഡിയയിൽ പങ്കുവച്ച വീഡിയോകളിൽ പറഞ്ഞു.

അഭ്യർഥനയുമായി നിരവധി ഉദ്യോഗസ്ഥരെ കണ്ടെങ്കിലും തന്റെ കേസ് വൈകുകയാണെന്ന് വിദ്യാർഥി വ്യക്തമാക്കി.'ഇത് നിഷ്പക്ഷമായി അന്വേഷിക്കണം. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുറ്റം ചുമത്തിക്കോളൂ. ഈ കേസ് വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകളും തെളിവുകളും തന്റെ പക്കലുണ്ട്. എനിക്ക് നീതി വേണം'- പൊലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് നിയമ വിദ്യാർഥി കൂട്ടിച്ചേർത്തു.

താൻ ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയുള്ള വിദ്യാർഥിയുടെ രണ്ട് വീഡിയോകൾ ഈ ആഴ്ച സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അതേസമയം, യുവാവിന്റെ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത് കോടതിയുടെ പരി​ഗണനയിലുള്ള കേസാണെന്നും അതേക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും ​ഗ്രേറ്റർ നോയിഡ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ പറഞ്ഞു.

'സംഭവത്തിന് ഒരു വർഷത്തെ പഴക്കമുണ്ട്. വീഡിയോകളുടെ ആധികാരികത ഉറപ്പുവരുത്തുകയും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശവും ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അന്വേഷിക്കുകയും ചെയ്യുന്നു'- എന്നാണ് ഈ വീഡിയോകളുമായി ബന്ധപ്പെട്ട് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറേറ്റിന്റെ ട്വീറ്റ്.

TAGS :

Next Story