ക്ഷേത്രപ്രവേശന വിലക്ക് ചോദ്യം ചെയ്ത ദലിതന് വധഭീഷണി; 17പേർക്കെതിരെ കേസ്
പ്രദേശത്തെ വീരഭദ്രേശ്വര, സിദ്ധപ്പാജി, മാരാമ ക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്തതിന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി

പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം|Photo|Special Arrangement
ബംഗളൂരു: ക്ഷേത്രപ്രവേശന വിലക്ക് ചോദ്യം ചെയ്ത ദലിതന് നേരെ വധഭീഷണി നടത്തിയെന്ന പരാതിയിൽ 17 പേർക്കെതിരെ കേസ്. വീരനപുര നിവാസിയായ ശിവകുമാർ നൽകിയ പരാതിയിലാണ് നടപടി. പ്രദേശത്തെ വീരഭദ്രേശ്വര, സിദ്ധപ്പാജി, മാരാമ ക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്തതിന് പ്രതികൾ തന്നെ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് ശിവകുമാറിന്റെ പരാതിയിൽ പറയുന്നത്. ചാംരാജ്നഗർ ജില്ലയിൽ ഗുണ്ടൽപേട്ട് താലൂക്കിലെ വീരനാപുര ഗ്രാമത്തിൽ സമാധാന യോഗത്തിനിടെ കലാപം സൃഷ്ടിച്ചു, വധഭീഷണി മുഴക്കി, ജാതി അധിക്ഷേപം നടത്തി എന്ന് കാണിച്ചാണ് 17 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ക്ഷേത്ര സ്വത്തിന്റെ ഉപയോഗത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ക്ഷേത്ര സ്വത്ത് ഒരു സമുദായത്തിൽപ്പെട്ടവർ നിയന്ത്രിക്കുകയാണെന്നും ആരോപിച്ചു ശിവകുമാറിന്റെ പരാതിയിൽ ആരോപിച്ചു. ജാതി അധിക്ഷേപം, ക്രിമിനൽ ഭീഷണി എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിരവധി ഗ്രാമവാസികൾ ചാംരാജ്‌നഗർ ടൗൺ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പരാതി വ്യാജമാണെന്ന് അവകാശപ്പെടുകയും നീതി ലഭിച്ചില്ലെങ്കിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസ് ഉപരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

