അവസാനയാത്ര റോഡിൽ; ശ്മശാനത്തിലേക്കുള്ള വഴി കൈയേറ്റക്കാർ തടഞ്ഞു; ബിഹാറിൽ ദലിത് വൃദ്ധയുടെ സംസ്‌കാരം നടു റോഡിൽ
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല മജിസ്ട്രേറ്റ്

- Published:
30 Jan 2026 5:40 PM IST

പട്‌ന: ശ്മശാനത്തിലേക്കുള്ള വഴി കൈയ്യേറ്റക്കാർ തടഞ്ഞതോടെ 91 വയസുള്ള ദലിത് വയോധികയുടെ മൃതദേഹം നടുറോഡിൽ സംസ്‌ക്കരിച്ച് ബന്ധുക്കൾ. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സോന്ധോ വാസുദേവ് ഗ്രാമവാസിയായ ജാപ്പി ദേവിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് പ്രാദേശിക കടയുടമകൾ വഴി തടഞ്ഞത്.
ശ്മശാനത്തിലേക്കുള്ള പൊതുവഴി ദീർഘകാലമായി കൈയേറ്റക്കാരുടെ നിയന്ത്രണത്തിലായിരുന്നു. മൃതദേഹവുമായി മുന്നോട്ട് പോകാൻ ബന്ധുക്കൾ പലതവണ ശ്രമിച്ചെങ്കിലും കൈയേറ്റക്കാർ വഴങ്ങിയില്ല. ഒടുവിൽ മറ്റ് വഴികളില്ലാതെ റോഡിൽ തന്നെ ബന്ധുക്കൾ ചിതയൊരുക്കി അന്ത്യകർമ്മങ്ങൾ നടത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകളോളം കാഴ്ചക്കാരായി നിന്നുവെന്ന ആക്ഷേപവുമുണ്ട്. വഴി തടഞ്ഞവർക്കെതിരെ നടപടി എടുക്കാനോ മൃതദേഹം കൊണ്ടുപോകാൻ സൗകര്യമൊരുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. കൈയ്യേറ്റക്കാർ ശ്മശാനത്തിലേക്കുള്ള വഴി തടഞ്ഞതിനെക്കുറിച്ച് മുൻപും പരാതി നൽകിയിട്ടുണ്ടെങ്കിലും ആരും നടപടി എടുത്തിരുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
സംഭവം വിവാദമായതോടെ വൈശാലി ജില്ലാ മജിസ്ട്രേറ്റ് വർഷാ സിംഗ് നടപടിക്ക് ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഗൊറോൾ ബിഡിഒ, സർക്കിൾ ഓഫീസർ, എസ്എച്ച്ഒ എന്നിവരുടെ ശമ്പളം തടഞ്ഞുവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് സബ് ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16
