Quantcast

കൊലക്കേസിൽ കോടതിയിൽ വിചാരണക്കെത്തിയില്ല; മുഖ്യസാക്ഷിക്കൊപ്പം തിയറ്ററിൽ സിനിമ കണ്ട് ദര്‍ശൻ

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദർശൻ ഷൂട്ടിങ്ങിനായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    11 April 2025 10:10 AM IST

Darshan Thogudeepa
X

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കന്നഡ നടൻ ദര്‍ശൻ തൊഗുദീപ വീണ്ടും വിവാദത്തിൽ. ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യസാക്ഷിക്കൊപ്പം തിയറ്ററിൽ സിനിമ കണ്ടതാണ് വിവാദത്തിന് തിരികൊളുത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദർശൻ ഷൂട്ടിങ്ങിനായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ്.

രേണുകസ്വാമി കൊലപാതകക്കേസിൽ 2024 ജൂണിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് ജാമ്യത്തിൽ വിടുകയും ചെയ്തു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഒരു പ്രതിക്ക് താന്‍ ഉള്‍പ്പെട്ട കേസിലെ സാക്ഷിയെ കാണാന്‍ അവകാശമില്ല എന്ന കോടതി നടപടി കാറ്റില്‍ പറത്തിയാണ് നടന്റെ നീക്കം. അതിനാല്‍ നടനെതിരെ പൊലീസ് വീണ്ടും നടപടി എടുക്കാനാണ് സാധ്യത. ബുധനാഴ്ച സുഹൃത്ത് കൂടിയായ ധന്‍വീര്‍ ഗൗഡ അഭിനയിച്ച വാമന എന്ന സിനിമ കാണാനായാണ് ദര്‍ശന്‍ എത്തിയത്. രേണുകസ്വാമി കൊലക്കേസിലെ സാക്ഷി കൂടിയായ നടൻ ചിക്കണ്ണയും ഒപ്പമുണ്ടായിരുന്നു. ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് സ്വീകരിച്ചിരുന്നു. രാത്രി 8 മണിയോടെ മാളിലെത്തിയ നടന്‍ മൂന്ന് മണിക്കൂറോളം തിയറ്ററില്‍ ഉണ്ടായിരുന്നു. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയും സിനിമയെക്കുറിച്ച് പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.

നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദര്‍ശന്‍ കോടതിയില്‍ ജാമ്യം തേടിയിരുന്നത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ നിയമോപദേശകന്‍ ഹാജരാക്കിയിരുന്നു. കടുത്ത പുറംവേദന ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച ദര്‍ശൻ കോടതിയിൽ ഹാജരാകാതിരുന്നത്. ഇതിനെ കോടതി വിമര്‍ശിക്കുകയും എല്ലാ വാദം കേൾക്കലുകളിലും ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തു.

ജാമ്യത്തിൽ പുറത്തിറങ്ങിയ ദർശൻ തന്‍റെ പുതിയ ചിത്രമായ ഡെവിളിന്‍റെ ലൊക്കേഷനിലെത്തി. 131 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ നടൻ മൈസൂരുവിലും രാജസ്ഥാനിലുമായി ഷൂട്ടിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. പിന്നീട് ഹൈദരാബാദിലേക്ക് പോകുമെന്നും വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രദുർഗയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദേശപ്രകാരം ജൂൺ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

TAGS :

Next Story