Quantcast

'സ്‌നേഹത്തിന്റെ കടയിലെ ധീരനായ പോരാളി'; ദീപക് കുമാറിനെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

രാഹുലിന്റെ പിന്തുണ സന്തോഷവും ഊര്‍ജവും നല്‍കുന്നതായി ദീപക് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Feb 2026 2:33 PM IST

സ്‌നേഹത്തിന്റെ കടയിലെ ധീരനായ പോരാളി; ദീപക് കുമാറിനെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡൽഹി: ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് ഉത്തരാഖണ്ഡിലെ കടയുടമയെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

രാഹുലിന്റെ പിന്തുണ സന്തോഷവും ഊര്‍ജവും നല്‍കുന്നതായി ദീപക് പറഞ്ഞു. തന്റെ ജിമ്മില്‍ അംഗത്വമെടുക്കാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ജനുവരി 26നാണ് കോട്ദ്വാറില്‍ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബാബ എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്.

ദീപകിനോടൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ധൈര്യത്തിന്റെയും ഉദാത്തമായ മാതൃക, ഉത്തരാഖണ്ഡിലെ ദീപകിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരോട് എതിരിടുന്ന ദീപക് കുമാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ദീപകിനെതിരെ ഹിന്ദുത്വ ശക്തികള്‍ ശക്തമായ പ്രതിഷേധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ജനുവരി 31ന് നിരവധി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദീപകിനെ കയ്യേറ്റം ചെയ്യാനായി തുനിഞ്ഞിറങ്ങിയെങ്കിലും പൊലീസ് ഇടപെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ അധിക്ഷേപങ്ങളാണ് ദീപകിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

പിന്നാലെ, ദീപകിന് സാമ്പത്തികമായും നിയമപരമായും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുപ്രിംകോടതിയിലെ മുതിര്‍ന്ന ഇരുപതോളം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ദീപകിനെതിരെ ഉയര്‍ന്നുവരുന്ന നിയമപരമായ വെല്ലുവിളികളില്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച അഭിഭാഷകര്‍ 10000 രൂപയുടെ ജിം മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു.

ജനുവരി 26ന്, പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 70 വയസുള്ള ഒരു മുസ്ലിം കടയുടമക്കെതിരെ അതിക്രമവുമായി വന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ ദീപക് തടഞ്ഞിരുന്നു. വൃദ്ധനായ വകീല്‍ അഹമ്മദ് എന്നയാളുടെ കടയുടെ പേരില്‍ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരെ തടയുന്നതിനിടെ, പേര് ചോദിച്ചപ്പോള്‍, മുഹമ്മദ് ദീപക് ആണെന്ന് അദേഹം പറഞ്ഞതും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുമാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കാരണം. സംഭവത്തിന് തൊട്ടുപിന്നാലെ രാഹുല്‍ അടക്കമുള്ള നേതാക്കള്‍ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

TAGS :

Next Story