സവർക്കറെ കുറിച്ചുള്ള പ്രസംഗ വീഡിയോ നീക്കണോ എന്നത് രാഹുൽ ഗാന്ധിയുടെ വ്യക്തി സ്വാതന്ത്ര്യം: കോടതി
2023 മാർച്ച് അഞ്ചിന് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന് എതിരെയാണ് സവർക്കറുടെ ചെറുമകൻ കോടതിയെ സമീപിച്ചത്

ന്യൂഡൽഹി: വി.ഡി സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ നീക്കം ചെയ്യണമെന്ന ആവശ്യം പൂനെ കോടതി തള്ളി. വീഡിയോ നീക്കണോ എന്നത് രാഹുൽ ഗാന്ധിയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കോടതി പറഞ്ഞു.
2023 മാർച്ച് അഞ്ചിന് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗമാണ് പരാതിയുടെ അടിസ്ഥാനം. രാഹുൽ ഗാന്ധി സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്നും യൂട്യൂബിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് സവർക്കറുടെ ചെറുമകനായ സാത്യകി സവർക്കർ കോടതിയെ സമീപിച്ചത്.
നേരത്തെ സവർക്കർക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ സുപ്രിംകോടതി വിമർശിച്ചിരുന്നു. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നുമാണ് കോടതി പറഞ്ഞത്. ഇനി ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ നടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാക്കാൽ അന്ന് പരാമർശനം നടത്തിയത്.
Adjust Story Font
16

