ജാമിഅ നഗറിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ആസൂത്രകൻ ഷർജീൽ ഇമാമെന്ന് ഡൽഹി കോടതി
ഷർജീലിനൊപ്പം മറ്റു 11 പേരും കേസിൽ പ്രതികളാണ്. 15 പേരെ കോടതി കുറ്റവിമുക്തരാക്കി.

ഷാർജീൽ ഇമാം
ന്യൂഡൽഹി: 2019ൽ ഡൽഹി ജാമിഅ നഗറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെഎൻയു ഗവേഷക വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ ഡൽഹി സാകേത് കോടതി കുറ്റം ചുമത്തി. ഷർജീലിനൊപ്പം മറ്റു 11 പേരും കേസിൽ പ്രതികളാണ്. 15 പേരെ കോടതി കുറ്റവിമുക്തരാക്കി.
2019 ഡിസംബർ 15ന് ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ നടത്തിയ സിഎഎ വിരുദ്ധ സമരമാണ് കേസിന് ആധാരം. സമാധാനപരമായ വിദ്യാർഥി പ്രതിഷേധം തടഞ്ഞ പൊലീസ് സമരക്കാർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ഡൽഹി പൊലീസ് സർവകലാശാലക്കകത്ത് പ്രവേശിച്ച് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, ശത്രുത വളർത്തൽ, കലാപം, പൊലീസിനെ ആക്രമിക്കൽ, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഷർജീൽ ഇമാമിനെതിരെ ചുമത്തിയത്.
ഷർജീൽ ഇമാം തന്റെ പ്രസംഗത്തിലൂടെ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ജസ്റ്റിസ് വിശാൽ സിങ് പറഞ്ഞു. പ്രതിഷേധത്തിനായി ഒത്തുചേർന്ന ആളുകൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമമാണ് സംഘർഷത്തിന് കാരണമായതെന്നും തന്റെ പ്രസംഗത്തിന് പങ്കില്ലെന്നും ഷർജീൽ ഇമാം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഷർജീലിന്റെ പ്രസംഗം ആളുകളിൽ ക്ഷോഭവും വിദ്വേഷവും ഉണർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് നിയമവിരുദ്ധമായ ഒത്തുചേരലിലേക്കും അക്രമത്തിലേക്കും നയിച്ചുവെന്നും കോടതി പറഞ്ഞു.
ആഷു ഖാൻ, ചന്ദൻ കുമാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കെതിരെ കോടതി സമാനമായ കുറ്റം ചുമത്തി. ആസിഫ് ഇഖ്ബാൽ തൻഹ സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹമാണ് ആൾക്കൂട്ടത്തെ നയിച്ചതെന്നും കോടതി പറഞ്ഞു.
Adjust Story Font
16

