ഡൽഹി തെരഞ്ഞെടുപ്പ്: എഎപിക്കായി പ്രചാരണത്തിന് അഖിലേഷ് യാദവും എസ്പി എംപിമാരും
ജനുവരി 30ന് റിതാലയിൽ നടക്കുന്ന റോഡ്ഷോയിൽ അഖിലേഷ് യാദവ് കെജ്രിവാളിനൊപ്പം വേദി പങ്കിടും

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി തലവന്‍ അഖിലേഷ് യാദവും പാർട്ടി എംപിമാരും ഞങ്ങള്‍ക്കൊപ്പം പ്രചാരണം നടത്തുമെന്ന് എഎപി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.
ജനുവരി 30ന് റിതാലയിൽ നടക്കുന്ന റോഡ്ഷോയിൽ അഖിലേഷ് യാദവ് കെജ്രിവാളിനൊപ്പം വേദി പങ്കിടും. കൈരാനയിൽ നിന്നുള്ള ഇഖ്‌റ ഹസൻ ഉൾപ്പെടെ പാർട്ടിയുടെ എംപിമാരും ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. എഎപിയും എസ്പിയും നിലവില്‍ കോൺഗ്രസ് ഉൾപ്പെടുന്ന 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ശത്രുക്കളെപ്പോലെയാണ് കോണ്‍ഗ്രസും എഎപിയും ഡല്‍ഹിയില്‍ പെരുമാറുന്നത്. ഇരു പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി ഒരു സ്ഥലത്തും എസ്പി പ്രചാരണത്തിന് ഇല്ല. ഡല്‍ഹിയില്‍ എഎപിക്കാണ് പിന്തുണ എന്ന് നേരത്തെ തന്നെ അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പരസ്യമായി എഎപിക്കൊപ്പം വേദി പങ്കിടാനും എത്തുന്നു. അതേസമയം തെരഞ്ഞടുപ്പ് റാലിയിൽ അഖിലേഷ് എന്ത് പ്രസംഗിക്കും എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
ബിജെപിയെക്കൂടാതെ കോൺഗ്രസിനെ കൂടി എഎപി നേതാക്കൾ വിമർശിക്കുന്നുണ്ട്. അഴിമതിക്കാരുടെ ലിസ്റ്റിൽ രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തി എഎപി പോസ്റ്ററും തയ്യാറാക്കിയിരുന്നു. കോൺഗ്രസിനെ കളിയാക്കിയോ വിമർശിച്ചോ എസ്പി എംപിമാർ ആരെങ്കിലും സംസാരിച്ചാൽ അത് 'ഇൻഡ്യ' സഖ്യത്തിനുള്ളിലെ വിള്ളലായും കണക്കാക്കപ്പെടും. അതേസമയം തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി ശത്രുഘ്നൻ സിൻഹയും എഎപിക്ക് വേണ്ടി പ്രചാരണത്തിന് എത്തുന്നുണ്ട്. ഫെബ്രുവരി 1, 2 തീയതികളിൽ കുറഞ്ഞത് മൂന്ന് മണ്ഡലങ്ങളിലെങ്കിലും ശത്രുഘ്നൻ സിന്‍ഹ എഎപിക്ക് വേണ്ടി പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

