അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ തടവുകാർക്ക് പെൻഷൻ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
കേരളം, തമിഴ്‌നാട്, കർണാടക ഉൾപ്പടെ 12 സംസ്ഥാനങ്ങൾ നിലവിൽ അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ തടവുകാർക്ക് പെൻഷൻ നൽകുന്നുണ്ട്

ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ തടവുകാരായി ജയിലിൽ കഴിഞ്ഞവർക്ക് ഡൽഹി സർക്കാർ പെൻഷൻ നൽകുമെന്നും അവരെ ആദരിക്കുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ കുടുംബത്തിന് ജോലി കത്തുകൾ വിതരണം ചെയ്യുന്നതിനായി ഡൽഹി സെക്രട്ടേറിയറ്റിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അടിച്ചേൽപ്പിക്കപ്പെട്ട അടിയന്തരാവസ്ഥയിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി മാസങ്ങളോളം ജയിലുകളിൽ കഴിഞ്ഞവർക്ക് മുൻ സർക്കാരുകൾ ഒരു ആശ്വാസവും നൽകിയില്ലെന്ന് രേഖ ഗുപ്ത പറഞ്ഞു. 'ലോകതന്ത്ര സേനാനികൾക്ക് (രാഷ്ട്രീയ തടവുകാർ) പെൻഷൻ നൽകാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചു. മറ്റ് പല സംസ്ഥാനങ്ങളും ചെയ്യുന്നതുപോലെ ഡൽഹി സർക്കാർ അവരെ ആദരിക്കുകയും ചെയ്യും.' രേഖ ഗുപ്ത പറഞ്ഞു.
1975-77 കാലഘട്ടത്തിൽ രാജ്യത്തെ കോൺഗ്രസ് സർക്കാർ ആർട്ടിക്കിൾ 352ലെ ഭരണഘടനാ വ്യവസ്ഥ പ്രകാരം ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. 1975-77ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച രാഷ്ട്രീയ തടവുകാർക്ക് കേരളം, തമിഴ്‌നാട്, കർണാടക ഉൾപ്പടെ 12 സംസ്ഥാനങ്ങൾ നിലവിൽ പെൻഷൻ നൽകുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ അന്നത്തെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് നിരവധി പ്രതിപക്ഷ നേതാക്കന്മാരും രാഷ്ട്രീയക്കാരും ജയിലിലടയ്ക്കപ്പെട്ടു.
Adjust Story Font
16

