ബലാത്സംഗ അതിജീവിതയെ ഗർഭം തുടരാൻ നിർബന്ധിക്കുന്നത് അവകാശ ലംഘനം; 15കാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി
ലേഡി ഹാർഡിങ് മെഡിക്കൽ കോളജിൽ പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു

ഡൽഹി: ബലാത്സംഗത്തിനിരയായ അതിജീവിതയെ അതേ കുറ്റകൃത്യത്തിലൂടെ ഉണ്ടാകുന്ന ഗർഭത്തിൽ തുടരാൻ നിർബന്ധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഡൽഹി ഹൈക്കോടതി. എട്ട് മാസത്തിലധികം പൂർണവളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ കോടതിയെ സമീപിച്ച 15കാരിയായ അതിജീവിത സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക നിരീക്ഷണം.
എംടിപി ആക്ട് പ്രകാരം 20 മുതൽ 24 വരെ ആഴ്ച വരെ വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ മാത്രമേ അലസിപ്പിക്കാൻ പ്രത്യേക സാഹചര്യങ്ങളിൽ അനുമതിയുള്ളൂ. എന്നാൽ ഈ കാരണം കൊണ്ട് അതിജീവിതയുടെ അന്തസ്സിനെ തള്ളിക്കളയാനാവില്ലെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് മധു ജെയിൻ വ്യക്തമാക്കി.
ലൈംഗികാതിക്രമത്തിന്റെ ഫലമായി ഗർഭംധരിച്ചുവെന്നത് കൊണ്ട് അമ്മയെന്ന നിർവചനത്തിലേക്ക് കൊണ്ടുവരാനാവില്ല. അമ്മയാകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം ആ സ്ത്രീയ്ക്ക് തന്നെയാണ്. ഇതിന്റെ പേരിൽ അമ്മയെന്ന വിശേഷണം അടിച്ചേൽപ്പിക്കരുത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജിൽ പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. കൂടാതെ, ചികിത്സ, മരുന്നുകൾ, ഭക്ഷണം, ആശുപത്രി ചെലവുകൾ എന്നിവ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കണമെന്നും നിർദേശത്തിലുണ്ട്.
കേസിലെ തെളിവുകൾക്കായി ഭ്രൂണത്തിന്റെ ഡിഎൻഎ സാമ്പിളുകൾ സൂക്ഷിക്കാനും ചികിത്സയ്ക്കിടെ കുഞ്ഞ് ജീവനോടെ പുറത്തുവരികയാണെങ്കിൽ കുഞ്ഞിന് ആവശ്യമായ എല്ലാ ചികിത്സയും നൽകണമെന്നും തുടർനടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വീകരിക്കണമെന്നും കോടതിയുടെ നിർദേശത്തിലുണ്ട്.
Adjust Story Font
16

