Quantcast

ടെലഗ്രാം ‘പുതിയ ഡാർക്ക് വെബ്’; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ

കുറ്റവാളികളും തട്ടിപ്പുകാരും ആപ്പ് വ്യാപകമായി ഉപയോ​ഗിക്കുന്നു

MediaOne Logo

Web Desk

  • Published:

    18 Jun 2026 5:16 PM IST

ടെലഗ്രാം ‘പുതിയ ഡാർക്ക് വെബ്’; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ
X

ന്യൂഡൽഹി: ടെലഗ്രാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ. ടെല​ഗ്രാം പുതിയ ഡാർക്ക് വെബായി മാറിയെന്നും കുറ്റവാളികളും തട്ടിപ്പുകാരും ഈ ആപ്പ് വ്യാപകമായി ഉപയോ​ഗിക്കുന്നുവെന്നുമാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. പ്ലാറ്റ്ഫോമിലെ ചില ചാനലുകൾക്കും ഉള്ളടക്കങ്ങൾക്കുമെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്ത് ടെലഗ്രാം നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. തീവ്രവാദികൾ, സൈബർ തട്ടിപ്പുകാർ തുടങ്ങിയവരാണ് ഈ ആപ്പ് വ്യാപകമായി ഉപയോ​ഗിക്കുന്നത്.

ഇത്തരം തട്ടിപ്പുകാർ ടെല​ഗ്രാമിനെ വ്യാപകമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സൈബർ കുറ്റകകൃത്യങ്ങൾ, തീവ്രവാദപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്കായി ഉപയോ​ഗിക്കുന്ന ആപ്പായി ടെല​ഗ്രാം മാറി. മൊബൈൽ നമ്പർ, ആധാർ വിവരങ്ങൾ തുടങ്ങി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ടെല​ഗ്രാം വഴി തട്ടിപ്പുകാർ കൈക്കലാക്കിക്കൊണ്ട് പണം തട്ടുന്നു. ഇത്തരം തട്ടിപ്പുകൾ രാജ്യ സുരക്ഷയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

പകർപ്പവകാശമുള്ള സിനിമകളും വെബ് സീരീസുകളും വിതരണം ചെയ്യുന്നതിനുള്ള പ്രധാന ഉറവിടമായും ഈ ആപ്പ് പലരും ഉപയോ​ഗിച്ചുവരുന്നുണ്ട്. ഇതുവഴി നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം കൈമാറാനായി 'മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ' വിൽക്കുന്നതിനും വാങ്ങുന്നതിനും ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുണ്ട്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ടെല​ഗ്രം വഴി ലഭിക്കുന്ന തട്ടിപ്പ് പരാതികൾ ഓരോ ദിവസവും വർധിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

TAGS :

Next Story