'നടപടിക്രമങ്ങൾ പാലിക്കാതെ മസ്ജിദിനകത്തെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാനാവില്ല'; റേസ് കോഴ്സ് മസ്ജിദ് വിഷയത്തിൽ നിർണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി
ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം 53 ഏക്കറോളം വരുന്ന ഡൽഹി റേസ് ക്ലബിന്റെ പരിസരത്താണ് റേസ് കോഴ്സ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്

- Updated:
2026-11-06 10:45:14

ന്യൂഡൽഹി: ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള 'റേസ് കോഴ്സ് മസ്ജിദിലെ ' വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ട സംഭവത്തിൽ നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. മുന്നറിയിപ്പില്ലാതെ വൈദ്യുതിയും വെള്ളവും പോലുള്ള അവശ്യ സേവനങ്ങൾ വിച്ഛേദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി. അടിസ്ഥാന ആവശ്യങ്ങളായ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതിനെതിരെ പള്ളി ഇമാം സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിർണായക നിരീക്ഷണം.
സംഭവത്തിൽ ഡൽഹി ഹൈക്കോടതി ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിനും ഡൽഹി വഖഫ് ബോർഡിനും നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഡിസംബർ 14-ന് വീണ്ടും പരിഗണിക്കും.
ലോക് കല്യാൺ മാർഗിലെ പ്രൈം മിനിസ്റ്റേഴ്സ് റെസിഡൻസിനടുത്തുള്ള റേസ് കോഴ്സ് ക്ലബ് കോംപ്ലക്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയിലെ വൈദ്യുതി, ജല വിതരണം ഒക്ടോബർ 7നാണ് വിച്ഛേദിക്കപ്പെട്ടത്. പള്ളിയിലെ അവശ്യ സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള മുൻ ഹരജി സാങ്കേതിക കാരണങ്ങളാൽ തള്ളിയെങ്കിലും, അതോറിറ്റികൾക്ക് യാതൊരു മുൻകാല നോട്ടീസും നൽകാതെ ഇത്തരം അവശ്യ സേവനങ്ങൾ ഏകപക്ഷീയമായി വിച്ഛേദിക്കാൻ അവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് കർശനമായി നിരീക്ഷിച്ചു. വഖഫ് ബോർഡിന്റെ കീഴിലുള്ളതും ഗ്രേഡ്-2 പൈതൃക പള്ളിയുമായ റേസ് കോഴ്സ്, കേന്ദ്ര സർക്കാരിന്റെയും ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിന്റെയും സുരക്ഷാ-ഭൂമി കൈവശപ്പെടുത്തൽ നടപടികളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളിലാണുള്ളത്.
ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം 53 ഏക്കറോളം വരുന്ന ഡൽഹി റേസ് ക്ലബിന്റെ പരിസരത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്പ്മെന്റ് ഓഫീസ് ഈ പ്രദേശത്തെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭഊാഗമായി വലിയ തോതിലുള്ള പൊളിച്ചുനീക്കലുകൾ നടത്തിവരികയാണ്. റേസ് ക്ലബ്, ജയ്പൂർ പോളോ ഗ്രൗണ്ട് എന്നിവക്ക് പുറമെ സമീപത്തെ ചേരികളിലുണ്ടായിരുന്ന 700ഓളം കുടുംബങ്ങളെ ഇതിനോടകം തന്നെ ഇവിടെനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മസ്ജിദും പൊളിച്ചുനീക്കിയേക്കുമെന്ന ആശങ്ക ഉയർന്നത്. മസ്ജിദിനെതിരെ നാലാഴ്ചത്തേക്ക് യാതൊരുവിധ നടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ കഴിഞ്ഞഴാഴ്ച ഉറപ്പ് നൽകിയിരുന്നു. ഇതിനിടെയാണ്, നോട്ടീസ് പോലും നൽകാതെ വൈദ്യുതി, ജലവിതരണം തടസപ്പെടുത്തിയതിനെതിരെ പള്ളി ഇമാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
മസ്ജിദിന്റെ ഇമാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം. സുഫിയാൻ സിദ്ദിഖി, യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് പള്ളിയിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതെന്ന് കോടതിയിൽ വാദിച്ചു. സമീപത്തെ ജുഗ്ഗി ക്ലസ്റ്ററുകളിലെയും ചേരികളിലെയും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട മുൻ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാരും എൻഡിഎംസിയും പറയുന്നത്. എന്നാൽ,ആ കേസുകളിലൊന്നും ഈ മസ്ജിദ് കക്ഷിയായിരുന്നില്ലെന്നും, പള്ളി ഒരു വഖഫ് സ്വത്താണെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ അധികൃതർക്ക് യഥാർത്ഥത്തിൽ അധികാരമുണ്ടോയെന്ന കാര്യം സിങ്കിൾ ബെഞ്ച് പരിശോധിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു.
ഒക്ടോബർ ഏഴിന് വിച്ഛേദിച്ച മസ്ജിദിലെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 19നാണ് ഡൽഹി വഖഫ് ബോർഡ് എൽ ആൻഡ് ഡിഒയ്ക്ക് കത്ത് നൽകിയത്. ഗ്രേഡ് 2 പൈതൃക പദവിയുള്ള വഖഫ് സ്വത്തായ മസ്ജിദ് പൊളിച്ചേക്കുമെന്ന ആശങ്കയും കത്തിൽ ഉന്നയിച്ചിരുന്നു. പൊളിക്കൽ, സീൽ ചെയ്യൽ തുടങ്ങിയ നടപടികൾ പാടില്ലെന്നും പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുൻപും ഹരജിക്കാരൻ കത്ത് നൽകിയിരുന്നു. കേസ് വീണ്ടും ഡിസംബർ 14ന് പരിഗണിക്കും.
Adjust Story Font
16
