Quantcast

ഡൽഹി മദ്യനയക്കേസ്: ഇഡി കുറ്റപത്രത്തിലും സിസോദിയയുടെ പേരില്ല

കുറ്റപത്രത്തിൽ ഡിസംബർ 12 മുതൽ കോടതി വാദം കേൾക്കുന്നത് ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    26 Nov 2022 11:06 AM GMT

ഡൽഹി മദ്യനയക്കേസ്: ഇഡി കുറ്റപത്രത്തിലും സിസോദിയയുടെ പേരില്ല
X

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയല്ല. വ്യവസായി സമീർ മഹീന്ദ്രയെ പ്രതിയാക്കിയാണ് ഇഡിയുടെ കുറ്റപത്രം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചു. 3000 പേജുള്ള കുറ്റപത്രത്തിൽ ഡിസംബർ 12 മുതൽ കോടതി വാദം കേൾക്കുന്നത് ആരംഭിക്കും.

ഇന്നലെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലും സിസോദിയയുടെ പേര് ഒഴിവാക്കിയിരുന്നു. മലയാളി വ്യവസായിയും ആംആദ്മി പാർട്ടി നേതാവുമായ വിജയ് നായർ ഉൾപെടെ ഏഴുപേരെ പ്രതി ചേർത്തുള്ള കുറ്റപത്രത്തിൽ സിസോദിയയുടെ പേര് ഉൾപ്പെടുത്തിയിട്ടിട്ടില്ല. ഹൈദരാബാദിലെ വ്യവസായിയായ അഭിഷേക് ബോയിന്‍പള്ളി, മദ്യവ്യാപാരി സമീര്‍ മഹേന്ദ്രു, ബോയിന്‍പള്ളിയുടെ സഹായി അരുണ്‍ പിള്ള, മുത്തു ഗൗതം, എക്സൈസ് വകുപ്പില്‍ മുമ്പ് ജോലി ചെയ്തിരുന്ന രണ്ട് പൊതുപ്രവര്‍ത്തകര്‍ എന്നിവരാണ് കുറ്റപത്രത്തില്‍ പേരുള്ള മറ്റുള്ളവർ.

ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി എംകെ നാഗ്പാലിന് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ നവംബർ 30ന് വാദം കേൾക്കും. മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.

TAGS :

Next Story