Quantcast

പാഴ്സലുമായി എത്തിയപ്പോള്‍ കണ്ടത് തുറന്നിട്ട വാതില്‍; വീട്ടുടമ എത്തും വരെ കാവലായി നിന്ന് ഡെലിവറി ബോയ്, കയ്യടിച്ച് സോഷ്യല്‍മീഡിയ

വീട്ടുടമയായ ദിവ്യ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ കണ്ടത്.

MediaOne Logo
പാഴ്സലുമായി എത്തിയപ്പോള്‍ കണ്ടത് തുറന്നിട്ട വാതില്‍; വീട്ടുടമ എത്തും വരെ കാവലായി നിന്ന് ഡെലിവറി ബോയ്, കയ്യടിച്ച് സോഷ്യല്‍മീഡിയ
X

മുംബൈ: തിരക്കുപിടിച്ച നഗരജീവിതത്തിനിടയിൽ സഹജീവികളോടുള്ള കരുണയും ഉത്തരവാദിത്തവും മറന്നുപോകുന്നവർക്കിടയിൽ, വേറിട്ടൊരു മാതൃകയാവുകയാണ് അംജദ് അൻസാരി എന്ന ഡെലിവറി ബോയ്. ഓർഡർ ചെയ്ത സാധനം നൽകാൻ എത്തിയപ്പോൾ ഉപഭോക്താവിന്റെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട്, ഉടമ തിരിച്ചെത്തുന്നതുവരെ വീടിന് കാവൽ നിന്ന അംജദിന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

മുംബൈ സ്വദേശി ദിവ്യ ഉണ്ണി എന്ന യുവതിയുടെ വീട്ടിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ധൃതിയിൽ പുറത്തുപോയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടാൻ ദിവ്യ മറന്നുപോയി. ഈ സമയത്താണ് സാധനങ്ങളുമായി അംജദ് അവിടെയെത്തുന്നത്. വാതിൽ പൂർണ്ണമായും തുറന്നു കിടക്കുന്നത് കണ്ട അംജദ്, ആദ്യം കരുതിയത് ആരെങ്കിലും അകത്തുണ്ടാകുമെന്നാണ്. എന്നാൽ പലതവണ ഉടമയെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. താന്‍ കൊണ്ടുവന്ന പാഴ്സല്‍ അവിടെ വെച്ച് പോകാന്‍ അംജദിന് മനസ് വന്നില്ല.

വീട് സുരക്ഷിതമല്ലെന്നും താൻ പോയാൽ ആരെങ്കിലും അകത്തുകയറി മോഷണം നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. കൂടാതെ ദിവ്യയുടെ വളർത്തുപൂച്ച വീടിനുള്ളിൽ ഉണ്ടായിരുന്നു. വാതിൽ തുറന്നു കിടന്നാൽ പൂച്ച പുറത്തുപോയി കാണാതാകാനും സാധ്യതയുണ്ടായിരുന്നു.

തുടർന്ന് അംജദ് ഒരു തീരുമാനമെടുത്തു. വീട്ടുടമയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. അവർ തിരികെയെത്തുന്നതുവരെ വാതിൽക്കൽ തന്നെ നിന്നു. കുറച്ചു സമയത്തിന് ശേഷം ദിവ്യ മടങ്ങിയെത്തിയപ്പോൾ കണ്ടത് തന്റെ വീടിന് കാവൽ നിൽക്കുന്ന അംജദിനെയാണ്. അപരിചിതനായ ഒരാൾ തന്റെ വീടിന്റെ സുരക്ഷയ്ക്കായി കാണിച്ച ഈ മനസ് ദിവ്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.

തന്റെ വീടിന് സംരക്ഷണമൊരുക്കിയ അംജദിനോടുള്ള നന്ദി അറിയിക്കാൻ ദിവ്യ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചു. "ഞാൻ ചെയ്ത അബദ്ധത്തിന് കാവലായി നിന്ന അംജദ് സത്യസന്ധതയുടെയും വിശ്വസ്തതയുടെയും ഉത്തമ ഉദാഹരണമാണ്. എന്റെ പൂച്ച പുറത്തുപോകാതെ ഇരിക്കാൻ കൂടി അദ്ദേഹം അവിടെ കാത്തുനിന്നു. ഇത്തരം മനുഷ്യരാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്, ഇതുപോലെയുള്ള കൂടുതൽ മനുഷ്യർ നമുക്ക് ആവശ്യമാണ്. അവനെപ്പോലെ കൂടുതൽ പേർ ഉണ്ടാകട്ടെ, ലോകം ഒരു മികച്ച സ്ഥലമാകുമായിരുന്നു," ദിവ്യ ഉണ്ണി വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ എഴുതി.

അംജദ് അൻസാരിക്ക് അർഹമായ അംഗീകാരവും പ്രമോഷനും നൽകണമെന്ന് ദിവ്യ ഡെലിവറി കമ്പനിയോട് അഭ്യർഥിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. "നമ്മുടെയൊക്കെ വിശ്വാസം മനുഷ്യത്വത്തിൽ വീണ്ടും ഉറപ്പിക്കുന്ന സംഭവം," എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ജോലിയിൽ കാണിക്കേണ്ട കൃത്യനിഷ്ഠയ്ക്കപ്പുറം, ഒരു വ്യക്തി എന്ന നിലയിൽ അംജദ് കാണിച്ച ഈ മനോഭാവം എല്ലാവർക്കും മാതൃകയാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.


TAGS :

Next Story