രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിർദേശം നൽകി ഡിജിസിഎ
അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ഇന്ധന സ്വിച്ചുകൾ ഓഫായതാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അടിയന്തര നടപടി

ന്യൂഡല്‍ഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
B787 ഡ്രീംലൈനറും ചില B737 വിമാനങ്ങളും ഇതിലുള്‍പ്പെടുന്നു. എയർ ഇന്ത്യ ഗ്രൂപ്പ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഓപ്പറേറ്റർമാർ ഈ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ഇന്ധന സ്വിച്ചുകൾ ഓഫായതാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അടിയന്തര നടപടി. ജൂലൈ 21നകം പരിശോധന പൂർത്തിയാക്കണമെന്നാണ് നിര്‍ദേശം.
അതേസമയം എയർ ഇന്ത്യ വിമാനത്തിന്റെ അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകളെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ മാത്രമല്ല, ലോകത്തെ പ്രമുഖ വിമാനക്കമ്പനികളും ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളിലെ ലോക്കിങ് സംവിധാനം പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ബോയിങ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പ്രവർത്തിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് തങ്ങളുടെ പൈലറ്റുമാർക്ക് എത്തിഹാദ് എയർവേയ്സ് നിർദ്ദേശം നൽകിയതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വിച്ചിന്റെ ലോക്കിങ് സംവിധാനം പരിശോധിക്കാനും കമ്പനി ഉത്തരവിട്ടിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസും സമാന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ആയതുകൊണ്ടാണെന്നാണ് അന്വേഷണത്തിലെ കണ്ടത്തൽ. സാങ്കേതിക തകരാർ മൂലം സ്വിച്ചുകൾ സ്വയം ഓഫ് ആയതാണോ പൈലറ്റുമാർ മനപൂർവ്വം ഓഫാക്കിയതാണോ എന്ന ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു. അതേസമയം സാങ്കേതിക തകരാർ ഇല്ലെന്ന വാദം ഉയർത്തുകയാണ് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ.
Adjust Story Font
16

