ജഗ്ദീപ് ധൻഖഡിന്റെ രാജി നിതീഷ് കുമാറിന് വഴിയൊരുക്കാനോ? ബിഹാർ ഒറ്റക്ക് ഭരിക്കാനുള്ള ബിജെപിയുടെ കുടിലതന്ത്രമെന്ന് അഭ്യൂഹം
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജഗ്ദീപ് ധൻഖഡിന്റെ അപ്രതീക്ഷിത രാജിയെക്കുറിച്ച് പ്രധാനമായും മൂന്ന് അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിന്റെ അപ്രതീക്ഷിത രാജി ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിതീഷ് കുമാറിന് ഉപരാഷ്ട്രപതി സ്ഥാനം നൽകി ഇതുവരെ ബിജെപി നേരിട്ട് ഭരിച്ചിട്ടില്ലാത്ത സംസ്ഥാനത്തിന്റെ അധികാരത്തിലേറുക എന്ന കുടിലതന്ത്രമാണ് ചർച്ചകളിൽ പ്രാധാന്യമുള്ളത്. ഇത്തവണ ബിഹാറിലെ സീറ്റുകളുടെ വലിയൊരു പങ്ക് ബിജെപി ലക്ഷ്യമിടുന്നതിനാൽ നിതീഷിനെ ഉപരാഷ്ട്രപതിയാക്കുന്നത് അദ്ദേഹത്തെ പിണക്കാതെ നിർത്താനുള്ള ഒരു തന്ത്രമായിരിക്കാം. നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബിഹാറിന് വളരെ നല്ലതായിരിക്കുമെന്ന് ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ ഇന്ന് മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു.
കോൺഗ്രസ് എംപി ശശി തരൂരിനെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹമാണ് ധൻഖഡിന്റെ രാജിയിലൂടെ ചർച്ചയാവുന്ന രണ്ടാമത്തെ കാര്യം. കേരളത്തിലെ കോൺഗ്രസ് അണികളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുള്ള ഈ അഭ്യൂഹത്തെ കുറിച്ച് ബിജെപി ഓഫീസോ തരൂരിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡുമായും സംസ്ഥാന നേതൃത്വവുമായും തരൂരിനുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പാർട്ടി നയത്തിൽ നിന്നുള്ള തരൂരിന്റെ പതിവ് വ്യതിയാനവും, അന്താരാഷ്ട്ര വേദികളിൽ ബിജെപി സർക്കാരിനുള്ള പൊതുജന പ്രശംസയും ഈ വാദങ്ങൾക്ക് ആക്കം കൂട്ടി.
നിയമജ്ഞരുമായി ഇടക്കിടെയുള്ള തർക്കങ്ങളാണ് ധൻഖഡിന്റെ രാജിയിലേക്ക് നയിച്ചത് എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വാദം. ജുഡീഷ്യറിയെക്കുറിച്ചുള്ള ധൻഖഡിന്റെ രൂക്ഷ പരാമർശങ്ങൾ സർക്കാരിനെ പല ഘട്ടത്തിലും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2022-ൽ ഉപരാഷ്ട്രപതിയായതിനുശേഷം ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC) നിയമം റദ്ദാക്കിയതിന് സുപ്രീം കോടതിയെ അപലപിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. അതേസമയം, ജഗ്ദീപ് ധൻഖഡ് രാജിവെക്കുന്നതിന് തൊട്ടുമുമ്പ് ഇന്നലെ വൈകുന്നേരം വിളിച്ചുചേർത്ത ബിസിനസ് അഡ്വൈസറി കമ്മിറ്റി (ബിഎസി) യോഗത്തിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും കേന്ദ്രമന്ത്രി ജെ.പി നദ്ദയും വിട്ടുനിന്നതും ചർച്ചയായി.
Adjust Story Font
16

