ധർമ്മസ്ഥല: കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തിൽ വിശ്വാസമുണ്ടെന്ന് ധർമ്മസ്ഥല ധർമ്മാധികാരി
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു

മംഗളൂരു: ധർമ്മസ്ഥലയിലെ ശവസംസ്കാരം സംബന്ധിച്ച വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തിൽ (എസ്ഐടി) വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് ധർമ്മസ്ഥല ധർമ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ എംപി. മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഇത് സംബന്ധിച്ച് നടത്തിയ പ്രസ്താവന സ്വാഗതം ചെയ്ത ഹെഗ്ഡെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും പറഞ്ഞു.
തനിക്കും ധർമ്മസ്ഥല സ്ഥാപനത്തിനുമെതിരെ ചുമത്തിയ കൂട്ട ശവസംസ്കാരങ്ങളും മറ്റ് ആരോപണങ്ങളും നിഷേധിക്കുന്നു. അവ തികച്ചും അടിസ്ഥാനരഹിതവും ധാർമ്മികമായി തെറ്റുമാണ്. ധർമ്മസ്ഥലക്കെതിരായ പ്രചാരണം അസൂയയിൽ നിന്നുത്ഭവിച്ചതാണ്. ക്ഷേത്രത്തിന്റെ പ്രശസ്തിക്കും ഭക്തരുടെ വിശ്വാസത്തിനും കോട്ടം വരുത്തുക എന്ന ലക്ഷ്യത്തോടെയാണതെന്ന് വീരേന്ദ്ര ഹെഗ്ഡെ കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ തന്നെയും തന്റെ ഭക്തരെയും വല്ലാതെ വേദനിപ്പിച്ചു. ക്ഷേത്രത്തിൽ ഇപ്പോഴും വലിയ വിശ്വാസം അർപ്പിക്കുന്നവരാണ് അവർ. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപവത്കരിക്കാനുള്ള സർക്കാരിന്റെ തീരുമാനം അപ്പോൾ തന്നെ സ്വാഗതം ചെയ്തിരുന്നു. വ്യാജ പ്രചാരണങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പം നീക്കാൻ നീതിയുക്തമായ അന്വേഷണത്തിന് മാത്രമേ കഴിയൂ.എല്ലാം ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരും. സംശയങ്ങൾ ദൂരീകരിക്കപ്പെടും.13 വർഷം മുമ്പ് പിയുസി വിദ്യാർഥിനി സൗജന്യയുടെ മരണത്തിൽ നടന്ന സിബിഐ അന്വേഷണം ഉൾപ്പെടെ മുൻകാലങ്ങളിൽ നടന്ന എല്ലാ അന്വേഷണങ്ങളുമായും ധർമ്മസ്ഥല പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. ഞങ്ങൾ ഒരിക്കലും ഒന്നും മറച്ചുവെച്ചിട്ടില്ല. ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളും രേഖകളും നടപടികളും അന്വേഷണത്തിന് തുറന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

