Quantcast

ധർമ്മസ്ഥല കേസ്: പരാതിക്കാരൻ ഉൾപ്പെടെ ആറ് പ്രതികൾ; കുറ്റപത്രം സമർപ്പിച്ച് എസ്‌ഐടി

3900 പേജുകളുള്ളതാണ് കുറ്റപത്രം

MediaOne Logo

Web Desk

  • Published:

    21 Nov 2025 1:44 PM IST

ധർമ്മസ്ഥല കേസ്: പരാതിക്കാരൻ ഉൾപ്പെടെ ആറ് പ്രതികൾ; കുറ്റപത്രം സമർപ്പിച്ച് എസ്‌ഐടി
X

മം​ഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിച്ചു. ഭാരതീയ നാ​ഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് എസ്ഐടി റിപ്പോ‍ട്ട് സമർപ്പിച്ചത്.

പരാതിക്കാരനായ സാക്ഷി മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി. ജയന്ത്, വിറ്റൽ ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി പേര് ചേർത്തിട്ടുള്ളത്. 3,900 പേജുകളുള്ളതാണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കൽ, വ്യാജ തെളിവുകൾ നൽകൽ, മറ്റ് കുറ്റകൃത്യങ്ങളടക്കം പ്രതികൾക്കെതിരെ ചുമത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും ശവസംസ്‌കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയര്‍ത്തിയ ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നാണ് കേസിന്റെ തുടക്കം. പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെയും പൊതുസമ്മര്‍ദ്ദം ശക്തമായതോടെയും അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ നാല് മാസത്തിനിടെ സംഭവങ്ങളുടെ ക്രമം നിർണയിച്ച്, സംഭവത്തിൽ ഉൾപ്പെട്ടെന്നു കരുതുന്ന ഓരോ വ്യക്തിയുടേയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ്ഐടി സാക്ഷി മൊഴികളും ഡിജിറ്റൽ, സാഹചര്യത്തെളിവുകളും പരിശോധിച്ചു. പല തവണകളായി ചോദ്യം ചെയ്യലുകളും നടത്തി. സാങ്കേതിക, ശാസ്ത്രീയ തെളിവുകൾക്കായി അന്വേഷണ സംഘം ഫോറൻസിക് ഏജൻസികളെ സമീപിച്ചിട്ടുണ്ട്. ഇതടക്കം കിട്ടിയ ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. നിലവിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അതിനാൽ തന്നെ പ്രാഥമിക റിപ്പോർട്ടായാണ് പരി​ഗണിക്കുന്നത്.

TAGS :

Next Story