Quantcast

ധർമസ്ഥലയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളെ അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും: സിദ്ധരാമയ്യ

ധർമസ്ഥലയിലുണ്ടായ സംഘർഷത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    7 Aug 2025 8:41 PM IST

Dharmasthala youtubers attacked
X

ബംഗളൂരു: സ്ത്രീകളുടെയും പെൺകുട്ടികളുടെയും കൂട്ടക്കുഴിമാടങ്ങളുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണം നടക്കുന്ന ധർമസ്ഥലയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി.പരമേശ്വരയും പറഞ്ഞു. ബുധനാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പരാതികളും പ്രത്യാരോപണങ്ങളും ഉണ്ടെന്നും സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ ആരായാലും നിയമപ്രകാരം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂട്ട ശവസംസ്കാര കേസിൽ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലക്ക് സമീപം ഒരു വ്യക്തിയുമായി അഭിമുഖം നടത്തുന്നതിനിടെ മൂന്ന് യൂട്യൂബ് ചാനലുകളെ പ്രതിനിധീകരിക്കുന്ന നാലുപേരെ ജനക്കൂട്ടം ആക്രമിച്ചതായാണ് പൊലീസ് റിപ്പോർട്ട്. 2012ൽ ധർമസ്ഥല പട്ടണത്തിൽ ബലാത്സംഗത്തിന് ഇരയായി മരിച്ച നിലയിൽ കണ്ടെത്തിയ കോളജ് വിദ്യാർത്ഥിനിയുടെ വീ‌ടിന് സമീപമാണ് സംഭവം നടന്നത്. പുണ്യസ്ഥലത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം രാത്രി ധർമസ്ഥല പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

ധർമസ്ഥലക്ക് സമീപം സംഘർഷത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജി.പരമേശ്വര പറഞ്ഞു. കൂ‌ട്ട ശവസംസ്കാരം നടത്തിയത് സംബന്ധിച്ച പരാതിക്കാരനും സാക്ഷിയുമായ വ്യക്തി തിരിച്ചറിഞ്ഞ 13 സ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി മൃതദേഹം പുറത്തെടുത്തു. ആറാമത്തെ സ്ഥലത്ത് ഒരു പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി, അത് ഇതിനകം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ല.

അതിനി‌ടെ യൂട്യൂബർമാരേയും മാധ്യമപ്രവർത്തകരേയും ആക്രമിച്ച സംഭവത്തിൽ ബെൽത്തങ്ങാടി, ധർമസ്ഥല പൊലീസ് സ്റ്റേഷനുകളിൽ വ്യാഴാഴ്ച ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. ധർമസ്ഥലയിൽ നാലും ബെൽത്തങ്ങാടിയിൽ മൂന്നും കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ദക്ഷിണ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ പറഞ്ഞു. യൂട്യൂബർമാരെ മർദിക്കുകയും വാഹനങ്ങൾ കേട് വരുത്തുകയും ചെയ്തതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായി ആരോപിച്ചുമാണ് കേസുകൾ. ധർമസ്ഥലയിൽ യൂട്യൂബർമാരെ ആക്രമിച്ച സംഭവത്തെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് അപലപിച്ചു.

TAGS :

Next Story