Quantcast

ഹിന്ദിയും കടന്ന് ഇന്ത്യൻ ഹൃദയങ്ങളിലേക്കു പടരാന്‍ ധ്രുവ് റാഠി; അഞ്ച് പ്രാദേശിക ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ

നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വിഡിയോയിലൂടെ ദേശീയ മാധ്യമങ്ങളിലും ദേശീയരാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി

MediaOne Logo

Web Desk

  • Updated:

    2024-04-18 14:16:43.0

Published:

18 April 2024 2:15 PM GMT

Dhruv Rathee starts YouTube channels in five languages that is Tamil, Telugu, Marathi, Bengali and Kannada, Dhruv Rathee YouTube channels
X

ധ്രുവ് റാഠി

ന്യൂഡൽഹി: പുതിയ അഞ്ച് യൂട്യൂബ് ചാനലുകൾ കൂടി ലോഞ്ച് ചെയ്ത് വിദ്യാഭ്യാസ വ്‌ളോഗുകളിലൂടെ ജനപ്രിയനായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ധ്രുവ് റാഠി. അഞ്ച് ഇന്ത്യൻ പ്രാദേശിക ഭാഷകളിലാണ് പുതിയ ചാനലുകൾ ആരംഭിച്ചിരിക്കുന്നത്. മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളും ഇതിൽ ഉൾപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വിഡിയോയിലൂടെ അടുത്തിടെ ദേശീയ മാധ്യമങ്ങളിലും ദേശീയരാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ്.

തമിഴ്, തെലുഗ്, ബംഗാളി, കന്നട, മറാഠി ഭാഷകളിലാണ് ഇന്ന് പുതിയ ചാനലുകൾക്കു തുടക്കമിട്ടിരിക്കുന്നത്. Dhruv Rathee എന്ന പ്രധാന ചാനലിലെ ഉള്ളടക്കങ്ങൾ തന്നെയായിരിക്കും പ്രാദേശിക ഭാഷാ ചാനലുകളിലും പ്രസിദ്ധീകരിക്കുക. ഏറെ ചർച്ചയായ Is India becoming a dictatorship? എന്ന ഹിന്ദി വിഡിയോ ഈ ചാനലുകളിലെല്ലാം ഡബ് ചെയ്തു നൽകിയിട്ടുണ്ട്. ലോഞ്ച് ചെയ്ത് ഏതാനും മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനു കാഴ്ചക്കാരെയും ഈ വിഡിയോകളെല്ലാം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനകം 13,000ത്തോളം പേർ ഫോളോ ചെയ്ത Dhruv Rathee Tamil ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ആറു മണിക്കൂർ കൊണ്ട് 1.12 ലക്ഷം പേർ കണ്ടുകഴിഞ്ഞു. Dhruv Rathee Telugu ചാനലിൽ ഫോളോവേഴ്‌സ് 10,000ത്തോടടുക്കുന്നു. ചാനലിലെ വിഡിയോ നാലു മണിക്കൂർ കൊണ്ട് അരലക്ഷത്തിലേറെ പേരും കണ്ടു. ആറു മണിക്കൂർകൊണ്ട് 14,000 ഫോളോവേഴ്‌സ് കടന്ന Dhruv Rathee Bengali ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ 82,000 പേരും കണ്ടു. Dhruv Rathee Kannada ചാനലിൽ 10,000ത്തിനോടടുക്കുന്നു ഫോളോവർമാർ. ചാനലിലെ വിഡിയോ കാഴ്ചക്കാർ അഞ്ചു മണിക്കൂർ കൊണ്ട് അരലക്ഷവും പിന്നിട്ടു. Dhruv Rathee Marathi ചാനൽ ആറു മണിക്കൂർ കൊണ്ട് 12,000 ഫോളോവർമാരെയും 78,000 കാഴ്ചക്കാരെയും നേടിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള സംഘ്പരിവാർ നേതാക്കളുടെ വലിയ വിമർശനത്തിനും സോഷ്യൽ മീഡിയയിലെ സംഘ് ഹാൻഡിലുകളുടെ നേതൃത്വത്തിലുള്ള സൈബറാക്രമണത്തിനും ഇടയാക്കിയ വിഡിയോ പ്രധാന ചാനലിൽ ഇതിനകം 24 മില്യൻ കാഴ്ചക്കാരെയാണു വാരിക്കൂട്ടിയത്. ഇതിനുശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പഴയ വാദം കൂടുതൽ ശക്തമായി അവതരിപ്പിച്ചു ധ്രുവ്. ഈ വിഡിയോ 28 മില്യൻ കാഴ്ചക്കാരെയാണ് രണ്ട് ആഴ്ചകൊണ്ട് നേടിയിട്ടുള്ളത്. ഇന്ത്യൻ ഗ്രാമങ്ങളിലേക്കും ഉൾനാടുകളിലേക്കും വിഡിയോയിലെ സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കണമെന്ന് ധ്രുവ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും അഭിമുഖങ്ങളിലൂടെയും പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ചാനലുകളിൽ കൂടി പുതിയ യൂട്യൂബ് ചാനലുകൾക്കു തുടക്കമിട്ടിരിക്കുന്നത്.

നരേന്ദ്ര മോദിക്കു കീഴിൽ രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്ന് തെളിവുകൾ നിരത്തിയായിരുന്നു ധ്രുവ് റാഠി വാദിച്ചത്. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്, കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുടെയും ബി.ജെ.പി ഭരണകൂടത്തിന്റെയും ഏകാധിപത്യ പ്രവണതയെ അക്കമിട്ടുനിരത്തുകയായിരുന്നു 29കാരൻ. രാജ്യം റഷ്യയുടെയും ഉത്തര കൊറിയയുടെയും പാതയിലാണു സഞ്ചരിക്കുന്നതെന്നുമുള്ള വിശകലനങ്ങൾക്കെതിരെ വലിയ തോതിൽ സംഘ്പരിവാർ സൈബറാക്രമണവും നേരിട്ടു ധ്രുവ് റാഠി.

നേരത്തെ തന്നെ സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ് ധ്രുവ് റാഠി. മണിപ്പൂരിലെ ക്രിസ്ത്യൻ വേട്ട, ഗുസ്തി താരങ്ങളുടെ സമരം, പുൽവാമ ആക്രമണത്തിൽ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ, അദാനി-മോദി അവിശുദ്ധബാന്ധവം, നൂപുർ ശർമ വിവാദം, കർഷക പ്രക്ഷോഭം, ഹിജാബ് വിവാദം ഉൾപ്പെടെയുള്ള നൂറുകണക്കിനു വിഷയങ്ങളിൽ കേന്ദ്രത്തെയും ബി.ജെ.പിയെയുമല്ലൊം പ്രതിരോധത്തിലാക്കി വിഡിയോകൾ ചെയ്തിട്ടുണ്ട്. ലവ് ജിഹാദ് മുന്നിൽനിർത്തി കള്ളക്കഥകൾ മെനഞ്ഞ സുദിപ്തോ സെന്നിന്റെ 'ദി കേരള സ്റ്റോറി'യെ കണക്കുകൾ നിരത്തി പൊളിച്ചടുക്കിയ ധ്രുവ് റാഠിയുടെ വിഡിയോ ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടി. മതംമാറ്റവും പ്രണയ ജിഹാദും ആരോപിച്ച് കേരളത്തെയും മുസ്ലിംകളെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഘ്പരിവാർ പ്രചാരണങ്ങളുടെ കൂടി മുനയൊടിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ 17.8 മില്യൻ സബ്‌സ്‌ക്രൈബർമാരുണ്ട് ധ്രുവ് റാഠിയുടെ പ്രധാന യൂട്യൂബ് ചാനലിന്. ഇതിനു പുറമെ ഇൻസ്റ്റഗ്രാമിൽ 62 ലക്ഷം പേരും ഫേസ്ബുക്കിൽ 27 ലക്ഷം പേരും എക്സിൽ 20 ലക്ഷം പേരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

Summary: Dhruv Rathee starts YouTube channels in five languages that is Tamil, Telugu, Marathi, Bengali and Kannada

TAGS :

Next Story