വീട്ടുജോലിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; 'ദുരന്ധർ' സിനിമാ താരം അറസ്റ്റിൽ
10 വർഷത്തോളം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.

- Published:
26 Jan 2026 2:28 PM IST

മുംബൈ: വീട്ടുജോലിക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ 'ദുരന്ധർ' സിനിമാ താരം അറസ്റ്റിൽ. മുംബൈ സ്വദേശി നദീം ഖാൻ ആണ് പിടിയിലായത്. 41കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി.
പല സിനിമാതാരങ്ങളുടെയും വീടുകളിൽ ജോലി ചെയ്തിട്ടുള്ള പരാതിക്കാരി, വർഷങ്ങൾക്ക് മുമ്പാണ് നദീം ഖാനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുത്തു. ഇതോടെ, തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും മൽവാനിയിലെ തന്റെ വീട്ടിലും നടന്റെ വെർസോവയിലെ വീട്ടിലുംവച്ച് പലപ്പോഴായി ബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതി.
10 വർഷത്തോളം ഇത്തരത്തിൽ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹ വാഗ്ദാനത്തിൽ പിന്മാറിയെന്നും ഇതോടെയാണ് താൻ വെർസോവ പൊലീസിൽ പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കുന്നു.
മാൽവാനി പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുള്ള പരാതിക്കാരിയുടെ വീട്ടിൽ വച്ചാണ് ആദ്യമായി ആക്രമണം നടന്നതെന്നും ഇര താമസിക്കുന്നത് ആ പ്രദേശത്തായതിനാലും കേസ് വെർസോവ പൊലീസ് സീറോ എഫ്‌ഐആറിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ആദിത്യ ധർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ദുരന്ധറി'ൽ രൺവീർ സിങ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, മാധവൻ, സാറ അർജുൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
Adjust Story Font
16
