Quantcast

നരേന്ദ്ര മോദിയെ നേതാവാകാൻ പരിശീലിപ്പിച്ചത് അമേരിക്കയോ? ചർച്ചയായി പഴയ ചിത്രങ്ങൾ

1993ലാണ് മോദി അമേരിക്കയുടെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-11 16:41:58.0

Published:

11 Feb 2026 10:08 PM IST

നരേന്ദ്ര മോദിയെ നേതാവാകാൻ പരിശീലിപ്പിച്ചത് അമേരിക്കയോ? ചർച്ചയായി പഴയ ചിത്രങ്ങൾ
X

മോദി അമേരിക്കയിൽ (1993) ചിത്രം: മോദി ആർകൈവ്സ് 

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയും തമ്മിലുള്ള ഒരു പൂർവകാല ബന്ധം ചർച്ചയാവുകയാണ്. നരേന്ദ്ര മോദിയെ നേതാവാകാൻ പരിശീലിപ്പിച്ചതിൽ അമേരിക്കക്കും പങ്കുണ്ട് എന്നാണ് പഴയ കാലത്തെ ചില ചിത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മോദി ആർകൈവ്സ് എന്ന എക്സ് അകൗണ്ടിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. 2017ൽ ടൈംസ് മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ 10 പേർ തങ്ങളുടെ പ്രോഗ്രാമുകളുടെ പൂർവ്വ വിദ്യാർഥികളാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പങ്കുവെച്ചിരുന്നു. ആ 10 നേതാക്കളിൽ ഒന്ന് നരേന്ദ്ര മോദിയാണ്.

ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാം (IVLP) എന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നടത്തുന്ന നേതൃ പരിശീലന ക്യാമ്പിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വിദേശ നേതാക്കൾക്കായുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രീമിയർ പ്രൊഫഷണൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമാണ് ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാം. 1993 ജൂലൈ 10 മുതൽ 23 വരെയാണ് മോദി ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ കോൺഗ്രസ് അംഗങ്ങൾ, സെനറ്റർമാർ, ഗവർണർമാർ, മേയർമാർ തുടങ്ങി നിരവധി യുഎസ് ഉദ്യോഗസ്ഥരുമായി മോദി കൂടിക്കാഴ്ച നടത്തി. 1993ൽ നരേന്ദ്ര മോദി ഗുജറാത്തിൽ ബിജെപിയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

2026 ഫെബ്രുവരി 2നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണത്തിന് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് കരാർ ആദ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിന് പിന്നാലെ കരാറിനെ അനുകൂലിച്ച് സർക്കാരും നിശിതമായി വിമർശിച്ച് പ്രതിപക്ഷവും രംഗത്ത് വന്നു.

2026 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഇടക്കാല ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ 'മൊത്തത്തിലുള്ള കീഴടങ്ങൽ' എന്നും ദേശീയ താൽപ്പര്യങ്ങളോടുള്ള വഞ്ചന എന്നുമാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. അമേരിക്കൻ കാർഷിക ഉൽ‌പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഇന്ത്യൻ വിപണികളെ സബ്‌സിഡി വിലയുള്ള സാധനങ്ങൾ കൊണ്ട് നിറയ്ക്കുമെന്നും ഇത് ആഭ്യന്തര കർഷകരെ തകർക്കുമെന്നും പ്രതിപക്ഷം വിമർശിച്ചു.

കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ദേശീയ പരമാധികാരത്തിന് മുൻഗണന നൽകുന്ന ന്യായവും, സന്തുലിതവുമായ കരാറായിട്ടാണ് ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും സെൻസിറ്റീവ് മേഖലകളെ സംരക്ഷിക്കുന്നതിനായി കരാറിൽ 'ലക്ഷ്മണ രേഖ' വരച്ചിട്ടുണ്ടെന്നും സർക്കാർ വാദിക്കുന്നു. കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾ അസംബന്ധവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യൻ വാണിജ്യ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.

TAGS :

Next Story