Quantcast

2024ൽ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം മൂന്നിരട്ടിയായോ? കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികരണം ഇങ്ങനെ...

എസ്എൻബി പ്രസിദ്ധീകരിച്ച ഡാറ്റ ഇന്ത്യൻ പൗരന്മാരുടെ നിയമവിരുദ്ധ നിക്ഷേപങ്ങളുടെ നേരിട്ടുള്ള തെളിവായി കണക്കാക്കാനാവില്ലെന്ന് സർക്കാർ പാർലമെന്‍റിൽ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    28 July 2025 3:04 PM IST

2024ൽ ഇന്ത്യാക്കാരുടെ  സ്വിസ് ബാങ്ക് നിക്ഷേപം മൂന്നിരട്ടിയായോ?  കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികരണം ഇങ്ങനെ...
X

ഡൽഹി: 2024 ൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം മൂന്ന് മടങ്ങ് വർധിച്ച് 37,600 കോടി രൂപയായതായുള്ള സ്വിസ് നാഷണൽ ബാങ്കിന്‍റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സ്വിസ് ബാങ്കുകളുടെ ഔദ്യോഗിക റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് സ്വിസ് നാഷണൽ ബാങ്ക് ഡാറ്റകള്‍ ലഭ്യമാക്കിയത്. ഇതോടെ സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ നിക്ഷേപം പാര്‍ലമെന്‍റിൽ വീണ്ടും ചൂടേറിയ ചര്‍ച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. 2024 ൽ ഇന്ത്യക്കാരുടെ എണ്ണം മൂന്ന് മടങ്ങ് വർധിച്ച് ഏകദേശം 37,600 കോടി രൂപയായി? ഇതിൽ കള്ളപ്പണവും ഉൾപ്പെടുമോ? 2022 മുതൽ വിദേശത്ത് നിന്ന് എത്ര കള്ളപ്പണം തിരികെ കൊണ്ടുവന്നു? എന്നീ ചോദ്യങ്ങളാണ് ഉയര്‍ന്നത്.

2024 ൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വർധിച്ചതായി സ്വിസ് നാഷണൽ ബാങ്കിന്‍റെ (എസ്എൻബി) സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഈ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര സർക്കാർ പറഞ്ഞു."സ്വിസ് നാഷണൽ ബാങ്കിന്‍റെ (എസ്എൻബി) സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയുള്ള ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഫണ്ടുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 2024 ൽ വർധിച്ചതായി പരാമർശിക്കുന്നുണ്ട്," രാജ്യസഭാംഗം ജാവേദ് അലി ഖാൻ ചോദിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ മന്ത്രാലയം സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം പറഞ്ഞത്.

"സ്വിസ് അധികൃതരുടെ കണക്കനുസരിച്ച്, എസ്എൻബി സ്ഥിതിവിവരക്കണക്കുകളുടെ ഡാറ്റയിൽ, ഉപഭോക്തൃ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തുകയും (ഏതെങ്കിലും രാജ്യത്തുള്ള സ്വിസ് ബാങ്കുകളുടെ വിദേശ ശാഖകൾ ഉൾപ്പെടെ) മറ്റ് ബാധ്യതകളും ബാങ്കുകൾക്കുള്ള തുകയും ഉൾപ്പെടുന്നുവെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ നിവാസികളുടെ കൈവശമുള്ള നിക്ഷേപങ്ങൾ വിശകലനം ചെയ്യുന്നതിന് എസ്എൻബി വാർഷിക ബാങ്കിംഗ് സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കരുതെന്ന് സ്വിസ് അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും'' മന്ത്രി പറഞ്ഞു.

2018 മുതൽ, ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എഇഒഐ) ചട്ടക്കൂടിന് കീഴിൽ, സ്വിറ്റ്സർലൻഡ് എല്ലാ വർഷവും ഇന്ത്യൻ നിവാസികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.ആദ്യമായി ഈ ഡാറ്റ ഇന്ത്യയ്ക്ക് ലഭിച്ചത് 2019 സെപ്റ്റംബറിൽ ആണ്. ഈ പ്രക്രിയ ഇപ്പോൾ എല്ലാ വർഷവും തുടരുന്നുണ്ട്. എസ്എൻബി പ്രസിദ്ധീകരിച്ച ഡാറ്റ ഇന്ത്യൻ പൗരന്മാരുടെ നിയമവിരുദ്ധ നിക്ഷേപങ്ങളുടെ നേരിട്ടുള്ള തെളിവായി കണക്കാക്കാനാവില്ലെന്ന് സർക്കാർ പാർലമെന്‍റിൽ വ്യക്തമാക്കി.

ഇന്ത്യക്കാർ വ്യക്തിഗത അക്കൗണ്ടിലല്ലാതെ പ്രാദേശിക സ്വിസ് ബാങ്ക് ശാഖകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ വിവിധ ഫണ്ടുകൾ വഴി നടത്തിയ നിക്ഷേപത്തിന്‍റെ കണക്കാണ് എസ്എൻബി പുറത്തുവിട്ടത്. അതേസമയം, ഇന്ത്യക്കാരുടെ നിക്ഷേപം കള്ളപ്പണമാണെന്നോ അല്ലെന്നോ ബാങ്ക് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഇന്ത്യക്കാർ മറ്റു രാജ്യങ്ങൾ വഴി നിക്ഷേപിച്ചിട്ടുള്ള തുകയും ഈ കണക്കിൽ ഉൾപ്പെടുന്നില്ല. സ്വിസ് ബാങ്കിൽ ഏറ്റവുമധികം നിക്ഷേപമുള്ള രാജ്യം യുകെയാണ്.

സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ കൈവശം വച്ചിരിക്കുന്നതായി ആരോപിക്കപ്പെടുന്ന കള്ളപ്പണം സംബന്ധിച്ചുളള ആക്ഷേപങ്ങള്‍ രാഷ്ട്രീയത്തിൽ സ്ഥിരമായി ഉന്നയിക്കപ്പെടുന്ന വിഷയമാണ്. രാഷ്ട്രീയ പാർട്ടികളും നേതാക്കളും കളളപ്പണം തിരികെ കൊണ്ടുവരുമെന്ന് പലപ്പോഴും പ്രഖ്യാപിക്കാറുണ്ട്.

TAGS :

Next Story