1967ല്‍ ഇന്ദിരയും സ്വർണം വിലക്കിയോ? സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന വാർത്തയുടെ സത്യമെന്ത്?
1967 ജൂൺ 6-ലെ 'ദി ഹിന്ദു' പത്രത്തിന്റെ മുൻപേജ് എന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

- Updated:
2026-05-12 12:13:52.0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ, 1967ൽ സമാനമായ രീതിയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ആഹ്വാനം ചെയ്തിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 1967 ജൂൺ 6-ലെ 'ദി ഹിന്ദു' പത്രത്തിന്റെ മുൻപേജ് എന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രമാണ് ഈ പ്രചാരണത്തിന് ആധാരമായി ഉപയോഗിക്കുന്നത്.
പ്രചരിക്കുന്ന വാർത്തയുടെ ഉള്ളടക്കം
"സ്വർണ്ണം വാങ്ങരുത്, ജനങ്ങളോട് ഇന്ദിര; ദേശീയ അച്ചടക്കത്തിന് ആഹ്വാനം" എന്ന തലക്കെട്ടോടെയുള്ള പത്രവാർത്തയുടെ ചിത്രമാണ് പ്രചരിക്കുന്നത്. 1960കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇന്ദിരാഗാന്ധി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നുവെന്നും, അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ മോദിയുടെ ആഹ്വാനം പുതുമയുള്ളതല്ലെന്നും സ്ഥാപിക്കാനാണ് ഈ പോസ്റ്റുകൾ ശ്രമിക്കുന്നത്. സംഘ്പരിവാര്‍ ഗ്രൂപ്പുകളാണ് വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത്.
യഥാർത്ഥ വസ്തുത എന്ത്?
പ്രചരിക്കുന്ന പത്രവാർത്ത വ്യാജമാണെന്ന് പല ഫാക്ട് ചെക്ക് സ്ഥാപനങ്ങളും വ്യക്തമാക്കി. വ്യാജമാണെന്ന് സ്ഥിരീകരിച്ച് 'ദി ഹിന്ദു' തന്നെ രംഗത്തെത്തി. പത്രത്തിന്റെ ഔദ്യോഗിക ആർക്കൈവ്സിൽ ഇങ്ങനെയൊരു വാർത്തയില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഡിജിറ്റലായി എഡിറ്റ് ചെയ്ത ചിത്രമാണെന്നും ഇത്തരം തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് സത്യാവസ്ഥ പരിശോധിക്കണമെന്നും ഹിന്ദു അറിയിക്കുന്നു.
ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും ക്രൂഡ് ഓയിൽ വിലവർദ്ധനവും കണക്കിലെടുത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായി അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകളും വിദേശയാത്രകളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നത്.
Adjust Story Font
16
