Quantcast

ഇന്ത്യാ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല, പാർലമെന്‍റിൽ സംസാരിക്കാൻ അനുവദിച്ചാൽ വ്യക്തമാക്കും: രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം, അദാനി വിഷയത്തിൽ ചർച്ച ഒഴിവാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2023-03-16 08:31:16.0

Published:

16 March 2023 8:26 AM GMT

Rahul Gandhi about london speech
X

രാഹുല്‍ ഗാന്ധി

ഡല്‍ഹി: ലണ്ടനിലെ സെമിനാറില്‍ ഇന്ത്യാ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി എം.പി. പാർലമെന്‍റിനുള്ളിൽ സംസാരിക്കാൻ അനുവദിച്ചാൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബ്രിട്ടന്‍ പര്യടനത്തിനു ശേഷം ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. താനുള്‍പ്പെടെയുള്ളവരെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും രാഹുല്‍ പറയുകയുണ്ടായി.

ലണ്ടന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ദൌര്‍ഭാഗ്യകരമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധരുടെ അതേ ഭാഷയിലാണ് രാഹുല്‍ സംസാരിച്ചതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. ഇന്ത്യയെ വിദേശത്ത് അപകീര്‍ത്തിപ്പെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് പാര്‍ലമെന്‍റിനകത്തും പുറത്തും ബി.ജെ.പി ആവശ്യപ്പെട്ടു.

അതിനിടെ തുടർച്ചയായ നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. സഭാ നടപടി ആരംഭിച്ച ഉടൻ അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. ലണ്ടൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ധമായി. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകാമെന്ന് സഭാധ്യക്ഷന്മാർ നിലപാട് അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവെച്ചു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം, അദാനി വിഷയത്തിൽ ചർച്ച ഒഴിവാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പാർലമെന്റിലെ പ്രതിഷേധം ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ 15 പ്രതിപക്ഷ പാർട്ടി എംപിമാർ യോഗം ചേർന്നു. അതിനിടെ സഭകളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയൽ അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായി കൂടിയാലോചന നടത്തി.

Summary- I did not speak anything anti India in London seminar. If they will allow I will speak inside the parliament, Rahul Gandhi said.





TAGS :

Next Story