Quantcast

ഇന്ത്യാസ് ​ഗോട്ട് ലാറ്റന്‍റ് ഷോ വിവാദങ്ങൾക്കിടെ അലഹാബാദിയയെ 'അൺഫോളോ' ചെയ്ത് വിരാട് കോഹ്‍ലി; തെളിവുകൾ നിരത്തി നെറ്റിസൺസ്

ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റിലെ ഒരു മത്സരാർഥിയോട് ആരാഞ്ഞ അശ്ലീല ചോദ്യം വിവാദത്തിന് തിരികൊളുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    13 Feb 2025 11:11 AM IST

Ranveer Allahbadia
X

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന ഷോയ്ക്കിടെ യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയെ സോഷ്യൽമീഡിയയിൽ അണ്‍ഫോളോ ചെയ്ത് ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. ഇതിന് തെളിവായി നിരവധി സ്ക്രീൻ ഷോട്ടുകൾ നെറ്റിസൺസ് സോഷ്യൽമീഡിയയിൽ പങ്കിട്ടു.

ഷോയിലെ അശ്ലീല പരാമര്‍ശത്തിന് മുൻപോ അതിന് ശേഷമോ വിരാട് രൺവീറിനെ അൺഫോളോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും ക്രിക്കറ്റ് താരത്തിൻ്റെ ഈ നീക്കം നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെടുത്താമെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം. കഴിഞ്ഞ വർഷം, വിരാടിൻ്റെ ജന്മദിനത്തിൽ, രൺവീർ ക്രിക്കറ്റ് താരവുമായുള്ള രണ്ട് ചിത്രങ്ങൾ പങ്കിടുകയും അദ്ദേഹത്തെ 'ലെജന്‍ഡ്' എന്ന് വിളിക്കുകയും ചെയ്തിരുന്നു.

ബീർബൈസെപ്സ് എന്ന യൂട്യൂബ് ചാനലിൽ 8.22 മില്യൺ സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 4.5 ദശലക്ഷം ഫോളോവേഴ്‌സും ഉള്ള ഇൻഫ്ലുവസറാണ് അലഹാബാദിയ . ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റിലെ ഒരു മത്സരാർഥിയോട് ആരാഞ്ഞ അശ്ലീല ചോദ്യം വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഓൺലൈൻ ഉള്ളടക്കത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് പലരും ആവശ്യപ്പെട്ടതോടെ ചോദ്യം വ്യാപക പ്രതിഷേധത്തിന് കാരണമായി.

തുടര്‍ന്ന് അലഹാബാദിയ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. ''തന്‍റെ അഭിപ്രായം അനുചിതം മാത്രമല്ല, തമാശ പോലുമായിരുന്നില്ല. കോമഡി എന്‍റെ ശക്തിയല്ല. ക്ഷമിക്കണം എന്ന് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്" എന്നാണ് യൂട്യൂബര്‍ പറഞ്ഞത്.

ചൊവ്വാഴ്ച മുംബൈ പൊലീസ് അലഹബാദിയയെയും റെയ്‌നയെയും ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാനും വിവാദത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ വിഷയത്തിൽ അവരുടെ ഭാഗം അവതരിപ്പിക്കാൻ പൊലീസ് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അവർ ഹാജരാകേണ്ട തീയതി വ്യക്തമാക്കിയിട്ടില്ല.

അലഹബാദിയ, റെയ്‌ന, ഷോയുടെ സംഘാടകർ, യൂട്യൂബർ ആശിഷ് ചഞ്ച്‌ലാനി, എപ്പിസോഡിൽ പങ്കെടുത്ത ദി റെബൽ കിഡ് എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അപൂർവ മഖിജ എന്നിവർക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് ഡിസിപി ദിഷ്‌കിത് ഗെഡാം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണിത്.

ഇതേ ഷോയ്ക്കിടെ കേരളത്തിനെതിരെയും അധിക്ഷേപ പരാമര്‍ശമുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടിയോട് ഏതെങ്കിലും രാഷ്​ട്രീയത്തോട് അനുഭാവമുണ്ടോ എന്നായിരുന്നു ചോദ്യം. താന്‍ രാഷ്​ട്രീയമൊന്നും ശ്രദ്ധിക്കാറില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി . വോട്ട് ചെയ്​തിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. ഉടനെ 'കേരള സാര്‍, 100 ശതമാനം സാക്ഷരത സാര്‍' എന്ന് പറഞ്ഞ് രണ്‍വീര്‍ ഉള്‍പ്പടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു . ഈ വീഡിയോ സോഷ്യല്‍മീഡിയയിൽ വൈറലാവുകയും മലയാളികൾ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ കേരളത്തിന്‍റെ സാക്ഷരതയെയും മതേതരത്വത്തെയും പ്രകീര്‍ത്തിക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.

TAGS :

Next Story