ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീറുമായുള്ള നയതന്ത്രജ്ഞന്റെ കൂടിക്കാഴ്ച സ്വാഭാവികം: ഇന്ത്യ
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒരു ഇന്ത്യൻ നയതന്ത്രജ്ഞനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തൽ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുന്നത്

- Updated:
2026-01-17 12:39:56.0

ന്യൂഡൽഹി: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീറുമായുള്ള ഇന്ത്യൻ നയതന്ത്രജ്ഞന്റെ കൂടിക്കാഴ്ച സ്വാഭാവികമെന്ന് വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒരു ഇന്ത്യൻ നയതന്ത്രജ്ഞനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തൽ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുന്നത്. ധാക്കയിലെ ഇന്ത്യൻ നയതന്ത്രജ്ഞർ നടത്തുന്ന പതിവ് ഇടപെടലുകളുടെ ഭാഗം മാത്രമാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകരണം.
'ബംഗ്ലാദേശുമായി നമുക്ക് അടുത്ത ഉഭയകക്ഷി ബന്ധമാണുള്ളതെന്ന് നിങ്ങൾക്കറിയാമല്ലോ. നമ്മുടെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ പതിവായി വിവിധ രാഷ്ട്രീയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താറുണ്ട്'- വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ആശയവിനിമയത്തെ ആ പശ്ചാത്തലത്തിൽ വേണം കാണാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഡിസംബറിൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ജമാഅത്ത് അമീറായ ഷഫീഖുറഹ്മാൻ ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ താനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വെളിപ്പെടുത്തിയത്. 2025 ന്റെ തുടക്കത്തിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് 'ധാക്ക ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര പ്രതിനിധികളുമായുള്ള തന്റെ കൂടിക്കാഴ്ചകൾ സാധാരണയായി പരസ്യമാക്കാറുണ്ടെങ്കിലും, ഈ കൂടിക്കാഴ്ച രഹസ്യമായിവെക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായും ഷഫീഖുറഹ്മാൻ പറഞ്ഞിരുന്നു. തങ്ങൾക്ക് എല്ലാവരോടും തുറന്ന സമീപനമാണുള്ളത്. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് മറ്റ് ബദലുകളില്ലെന്നും അദ്ദേഹം പറഞ്ഞതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2026 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഷഫീഖുറഹ്മാൻ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ഉൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായും വിദേശ നയതന്ത്രജ്ഞർ ചർച്ചകൾ നടത്തുന്നുണ്ട്.
Adjust Story Font
16
