ഇസ്രായേൽ കോൺസുലേറ്റുമായി കൂടിക്കാഴ്ച നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, വിമർശനം
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇത്തരം കൂടിക്കാഴ്ചകള്‍ അനുചിതമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്

ബെംഗളൂരു: ഇസ്രായേൽ ഡെപ്യൂട്ടി കോൺസൽ ജനറൽ ഇൻബാൽ സ്റ്റോണുമായുള്ള കൂടിക്കാഴ്ച നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ശിവകുമാര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
അടുത്ത മാസം അഞ്ചിന് നടക്കുന്ന ഇസ്രായേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചെന്നും കർണാടകയും ഇസ്രായേലും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നിവ ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
അതേസമയം പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇത്തരം കൂടിക്കാഴ്ചകള്‍ അനുചിതമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഇസ്രായേലുമായി നയതന്ത്രപരമായി ഇടപഴകുന്നതിലെ കോൺഗ്രസ് നേതാവിൻ്റെ ധാർമ്മിക നിലപാടിനെ പലരും ചോദ്യം ചെയ്തു.
ഇസ്രായേല്‍ അപരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ നേരത്തെയും ശിവകുമാറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബെംഗളൂരുവിലെ ഐഐഎസ്‌സിയിൽ മൈസൂർ ലാൻസേഴ്സ് ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഡി.കെ ശിവകുമാറും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും പങ്കെടുത്തത്. പരിപാടിയില്‍ ഇസ്രായേലി പതാക ഉയര്‍ത്തിയിരുന്നു.
2024 സെപ്തംബറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ അന്ന് സാമൂഹികപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഈ വിമർശനങ്ങൾക്കിടെയാണ് വീണ്ടും ഇസ്രായേൽ അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കാവുന്ന നടപടിയുമായി ശിവകുമാർ രംഗത്ത് എത്തുന്നത്.
Adjust Story Font
16

