'കഠിനാധ്വാനമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്, ഭാവി കോൺഗ്രസ് നേതൃത്വം തീരുമാനിക്കും': ഡി.കെ ശിവകുമാർ
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പരാമർശം

- Published:
12 Jan 2026 5:21 PM IST

ബംഗളൂരു: തന്റെ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പരാമർശം.
"ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ല വരുന്നത്, എന്നിട്ടും ഞാൻ ഈ നിലയിലേക്ക് വളർന്നു. പാർട്ടി എന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാഷ്ട്രീയത്തിൽ എനിക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്''- ഡി.കെ ശിവകുമാര്‍ പറഞ്ഞു.
വൊക്കലിഗ സമുദായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ഉദ്യമി വൊക്കലിഗ-എഫ്‌സി എക്‌സ്‌പോ 2025' എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ കർണാടകയിലുടനീളം ഗണ്യമായ സാന്നിധ്യമുള്ള വൊക്കലിംഗ സമുദായത്തിൽ നിന്നുള്ളയാളാണ് ശിവകുമാറും.
കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയുമാണ് തന്റെ രാഷ്ട്രീയ യാത്ര രൂപപ്പെടുത്തിയത്. എട്ടു തവണ എംഎൽഎയായി. ബംഗളൂരുവിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഈ സ്ഥാനത്തെത്താൻ ഞാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഞാനിവിടെയുണ്ട്. എന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ട്’ – ശിവകുമാർ പറഞ്ഞു.
അതേസമയം കോൺഗ്രസിനുള്ളിൽ അധികാര തർക്കം തുടരുന്നതിനിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ചർച്ചകൾക്കായി ന്യൂഡൽഹിയിലേക്ക് വിളിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ആവശ്യാനുസരണം പാർട്ടി അവരെ വിളിപ്പിക്കും ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഖാർഗെ പറഞ്ഞത്.
Adjust Story Font
16
