Quantcast

'ഘർ വാപസി നടത്തൂ, കൂടുതൽ അവസരം ലഭിക്കും'; എ.ആർ റഹ്മാനോട് വിഎച്ച്പി നേതാവ്

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കുമായി നടത്തിയ അഭിമുഖത്തിലാണ് ബോളിവുഡിലെ മാറ്റം തന്റെ അവസരങ്ങൾ കുറച്ചതിനെ കുറിച്ച് റഹ്മാൻ വെളിപ്പെടുത്തിയത്

MediaOne Logo
ഘർ വാപസി നടത്തൂ, കൂടുതൽ അവസരം ലഭിക്കും; എ.ആർ റഹ്മാനോട് വിഎച്ച്പി നേതാവ്
X

മുംബൈ: കുറച്ചുകാലമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയുന്നുവെന്ന ഓസ്‌കർ ജേതാവും സംഗീത സംവിധായകനുമായ എ.ആർ റഹ്മാന്റെ പരാമർശത്തെ വിമർശിച്ച് വിഎച്ച്പി. ഹിന്ദു മതത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ റഹ്മാന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ പോലുള്ളവരുടെ പക്ഷത്താണ് റഹ്മാൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ബൻസാൽ ആരോപിച്ചു. ഭരണഘടനാ പദവികൾ അലങ്കരിക്കുകയും 10 വർഷത്തോളം അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുകയും ചെയ്ത ശേഷം ഇന്ത്യയെ തരംതാഴ്ത്തി സംസാരിച്ച വ്യക്തിയാണ് അൻസാരി. അതേപാതയിലാണ് റഹ്മാനും സഞ്ചരിക്കുന്നതെന്ന് ബൻസാൽ പറഞ്ഞു.

''ഒരുകാലത്ത് എല്ലാ ഇന്ത്യക്കാരും സ്‌നേഹിച്ചിരുന്ന കലാകാരനായിരുന്നു റഹ്മാൻ. ഇപ്പോൾ തനിക്ക് ജോലി ലഭിക്കാത്തതിനെ കുറിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം സിസ്റ്റത്തെ പഴിക്കുകയും സിനിമാ മേഖലയെ അപകീർത്തിപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്യുന്നത്. നിങ്ങൾ 'ഘർ വാപസി' നടത്തൂ. അപ്പോൾ ഒരുപക്ഷേ വീണ്ടും അവസരങ്ങൾ ലഭിച്ചുതുടങ്ങുമായിരിക്കും''- ബൻസാൽ പറഞ്ഞു.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കുമായി നടത്തിയ അഭിമുഖത്തിലാണ് ബോളിവുഡിലെ അധികാര മാറ്റം തന്റെ അവസരങ്ങൾ കുറച്ചതിനെ കുറിച്ച് റഹ്മാൻ വെളിപ്പെടുത്തിയത്. ''കഴിഞ്ഞ എട്ട് വർഷമായി അധികാര മാറ്റം കൊണ്ടും സർഗാത്മകതയില്ലാത്ത ആളുകൾക്ക് ശക്തിയുള്ളതുകൊണ്ടും അല്ലെങ്കിൽ വർഗീയമായ കാരണങ്ങൾകൊണ്ടും അങ്ങനെ സംഭവിച്ചിരിക്കാം. പക്ഷേ കുടുംബത്തോടൊപ്പം വിശ്രമിക്കാൻ എനിക്ക് കൂടുതൽ സമയമുണ്ട്. ഞാൻ ജോലി അന്വേഷിക്കുന്നില്ല. ജോലി തേടിപ്പോകാൻ ആഗ്രഹിക്കുന്നില്ല. ജോലി എന്നിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അർഹമായത് എനിക്ക് ലഭിക്കും''- എന്നായിരുന്നു റഹ്മാൻ പറഞ്ഞത്.

TAGS :

Next Story