Quantcast

'തേനീച്ചക്കൂടിന്‌ കല്ലെറിയരുത്, തമിഴ് ജനതയെ പ്രകോപിപ്പിക്കരുത്': ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രത്തിനെതിരെ സ്റ്റാലിൻ

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള ഉപകരണമാണെന്നും അല്ലാതെ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധമില്ലെന്നും സ്റ്റാലിന്‍

MediaOne Logo

Web Desk

  • Published:

    22 Feb 2025 11:00 AM IST

mk stalin
X

ചെന്നൈ: ഭാഷാ നയത്തിൽ കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.

പുരോഗമനപരമായ പരിഷ്കാരങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ക്കുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആരോപിച്ചതിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയത്.

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള ഉപകരണമാണെന്നും അല്ലാതെ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

'' തമിഴ് ജനതയെ വീണ്ടും പ്രകോപിപ്പിക്കരുതെന്നാണ് എനിക്ക് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനുള്ളത്. തേനീച്ചക്കൂടിന് നേരെ കല്ലെറിയരുത്. ഞാനും ഡിഎംകെയും ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഇവിടെ പ്രവേശിക്കാനാവില്ല''- സ്റ്റാലിന്‍ വ്യക്തമാക്കി.

കേന്ദ്രാവിഷ്‌കൃത പദ്ധതികളെ ദേശീയ വിദ്യാഭ്യാസ നയവുമായി (എൻഇപി) ബന്ധിപ്പിക്കുന്നതിനെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ, എം.കെ സ്റ്റാലിനെതിരെ തിരിഞ്ഞത്.

രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഉയരാനും യുവ പഠിതാക്കളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുമാണ് വിദ്യാഭ്യാസ മന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. ഏതെങ്കിലും സംസ്ഥാനത്തിനോ സമൂഹത്തിനോ മേലോ ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കാന്‍ ലക്ഷ്യമിടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കടലൂരിൽ നടന്ന ഒരു പരിപാടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് സ്റ്റാലിന്‍ മറുപടി നല്‍കിയത്.

''എൻഇപി പദ്ധതികൾ നടപ്പാക്കാത്തതിനാൽ തമിഴ്‌നാടിന് 5000 കോടി രൂപ അനുവദിച്ചില്ലെന്നാണ് കേന്ദ്രമന്ത്രി അവകാശപ്പെടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ഈടാക്കുന്ന നികുതി ഞങ്ങൾ നൽകാൻ വിസമ്മതിച്ചാൽ അവരെന്തു ചെയ്യും? ഭരണഘടനയുടെ ഭാഗാമയ ഫെഡറലിസം എന്നത് പരസ്പര സഹകരണത്തിൽ അധിഷ്ഠിതമാണ്. നിർഭാഗ്യവശാൽ, ഈ തത്വശാസ്ത്രം മനസ്സിലാക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്''- സ്റ്റാലിന്‍ പറഞ്ഞു. വിദ്യാഭ്യാസ വികസനത്തിനല്ല, ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനാണ് എൻഇപി കൊണ്ടുവന്നതെന്നും സ്റ്റാലിൻ ആവർത്തിച്ചു.

ഹിന്ദി കൂടി പഠനഭാഷയാക്കണമെന്ന കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ ഡിഎംകെയ്ക്ക് കടുത്ത എതിർപ്പാണുള്ളത്.

TAGS :

Next Story