ബിഹാർ എൻഡിഎ നേടുമെന്ന് എക്‌സിറ്റ് പോളുകൾ വിശ്വസിക്കാൻ വരട്ടെ!
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ ഡി എ ഒരിക്കൽ കൂടി ഭരണത്തിലേറാനാണ് സാധ്യതയെന്നും ചൊവ്വാഴ്ച പുറത്തുവന്ന ഒൻപത് എക്‌സിറ്റ് പോളുകളിൽ ഏഴെണ്ണവും പറയുന്നു. എക്‌സിറ്റ് പോളുകൾ ശരിയാകുമോ? എത്രമാത്രം വിശ്വസനീയമാണ് ഇവ?.

രാജ്യം ഏറെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ട വോട്ടെടുപ്പുകളും പൂർത്തിയായിരിക്കുന്നു. റെക്കോർഡ് പോളിങ്ങായിരുന്നു രണ്ടുഘട്ടത്തിലും നടന്നത്. ഉയർന്ന പോളിംഗ് ശതമാനത്തിൽ പ്രതീക്ഷയർപ്പിച്ചു എല്ലാ മുന്നണികളും ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് പതിവുപോലെ എക്‌സിറ്റ് പോൾ ഫലങ്ങളെത്തുിയത്.
പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം ഉന്നയിച്ച വോട്ടുകൊള്ള ആരോപണവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ബീഹാർ വോട്ടർമാർക്കിടയിൽ ഫലം കണ്ടിട്ടില്ലെന്നാണ് എക്‌സിറ്റ് പോളുകൾ അവകാശപ്പെടുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ ഡി എ ഒരിക്കൽ കൂടി ഭരണത്തിലേറാനാണ് സാധ്യതയെന്നും ചൊവ്വാഴ്ച പുറത്തുവന്ന ഒൻപത് എക്‌സിറ്റ് പോളുകളിൽ ഏഴെണ്ണവും പറയുന്നു.
മാട്രിസ്, JVC, ചാണക്യ സ്ട്രാറ്റജീസ്, ടിഫ് റിസർച്ച്, പി-മാർക്യു, People's Insight, Dainik Bhaskar, DV Research and Peoples Pulse എന്നിവരുടെ എക്‌സിറ്റ് പോളുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, Axis My India, Today's Chanakya തുടങ്ങിയവരുടെ ഫലങ്ങൾ പുറത്തുവരാനുമുണ്ട്.
ബീഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്, 122 ആണ് മാജിക് നമ്പർ. കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച്, 130 ലേറെ സീറ്റുകൾ എൻ ഡി എ സഖ്യം നേടുമെന്നാണ് പ്രവചനം. ആകെ നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ് ഇന്ത്യ സഖ്യം മൂന്നക്കം കടക്കുമെന്ന് പറയുന്നത്. കിംഗ് മേക്കർ ആകുമെന്ന് കരുതിയിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് നാമമാത്രമായ നേട്ടം മാത്രമേ ഉണ്ടാക്കാൻ സാധിക്കുവെന്നും ഈ പോളുകൾ പറയുന്നു. പൂജ്യം മുതൽ അഞ്ചുസീറ്റുകൾ വരെ മാത്രമേ ജൻ സുരാജിന് ലഭിക്കൂവെന്നാണ് എക്‌സിറ്റ് പോളുകൾ.
ദൈനിക് ഭാസ്‌കർ എൻ ഡി എയ്ക്ക് 145 മുതൽ 160 സീറ്റുകളും മഹാസഖ്യത്തിന് 73 മുതൽ 91 സീറ്റുമാണ് പ്രവചിക്കുന്നത്. 133-148 സീറ്റാണ് People's Insight എൻ ഡി എയ്ക്ക് ലഭിക്കുമെന്ന് പറയുന്നത്. അവർ മഹാസഖ്യം 100 സീറ്റുകൾ കടക്കാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ജൻ സുരാജിന് പൂജ്യം മുതൽ രണ്ടുവരെ സീറ്റും ലഭിച്ചേക്കാമെന്നും അവർ പറയുന്നു.
മാട്രിസിന്റെ സർവേ അനുസരിച്, എൻ ഡി എയ്ക്ക് 147 മുതൽ 167 സീറ്റുകൾ നേടും, പി മാർക്യൂ ആകട്ടെ 142 മുതൽ 162, പീപ്പിൾസ് ഇൻസൈറ്റ് 133 മുതൽ 148 എന്നിങ്ങനെയാണ് എൻ ഡി എയ്ക്ക് കല്പിക്കുന്ന സീറ്റുനില. അതേസമയം മാട്രിസ് പറയുന്നത് മഹാസഖ്യം 70 നും തൊണ്ണൂറിനും ഇടയിൽ മാത്രമേ സീറ്റുകൾ നേടൂ എന്നാണ്. 80 നും 98 നുമിടയിലാകും മഹാസഖ്യത്തിന്റെ സീറ്റുനിലയെന്നാണ് പി മാർക്യൂ പ്രവചിക്കുന്നത്. പീപ്പിൾസ് ഇൻസൈറ്റ് പറയുന്നത് 87 മുതൽ 102 സീറ്റുവരെ ബീഹാർ നിയമസഭയിൽ മഹാസഖ്യം നേടുമെന്നാണ്. പീപ്പിൾസ് പൾസ് ആണ് മഹാസഖ്യത്തിന് നൂറിലധികം സീറ്റുനേടുമെന്ന് പ്രവചിക്കുന്ന മറ്റൊരു എക്‌സിറ്റ് പോൾ. 101 സീറ്റുകൾ വരെ മഹാസഖ്യത്തിനെന്ന് പറയുമ്പോൾ 159 വരെ സീറ്റുകൾ എൻ ഡി എയ്ക്ക് ലഭിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.
എക്‌സിറ്റ് പോളുകളുടെ വിശദാംശങ്ങൾ പറയുമ്പോഴും ഇവ എത്രമാത്രം വിശ്വസനീയമാണ് എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നുണ്ട്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ദാരുണമായി പരാജയപ്പെട്ട സംഭവങ്ങൾ തന്നെയാണ് അതിനുള്ള കാരണവും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലുമെല്ലാം അതിന്റെ സമീപകാല ഉദാഹരണങ്ങളാണ്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മിക്ക എക്‌സിറ്റ് പോളുകളും കോൺഗ്രസ് തൂത്തുവാരുമെന്നായിരുന്നു പ്രവചിരിച്ചിരുന്നത്. 90 അംഗ നിയമസഭയിൽ 44 മുതൽ 64 സീറ്റുവരെ കോൺഗ്രസിനും 15 മുതൽ 32 വരെ ബിജെപിക്കും എന്ന നിലയിലായിരുന്നു പ്രവചനങ്ങൾ. പക്ഷെ ഫലം വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കോൺഗ്രസ് മുന്നേറിയെങ്കിലും പിന്നീടുകണ്ടത് ബിജെപിയുടെ തിരിച്ചുവരവായിരുന്നു. 48 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസിന് 37 സീറ്റും.
ജാർഖണ്ഡിലേക്ക് വന്നാലും അവസ്ഥ സമാനമായിരുന്നു. 2024 നവംബർ 13 മുതൽ 20 വരെ മൂന്നുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ, ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. 81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിൽ 38 ഇന്ത്യ സഖ്യത്തിനും 40 സീറ്റ് ബിജെപി സഖ്യത്തിനും. ഇങ്ങനെയായിരുന്നു ഏകദേശമൊരു പ്രവചനം. എന്നാൽ ജനവിധി മറിച്ചായിരുന്നു. ഇന്ത്യ സഖ്യത്തിലെ പ്രധാനിയായ ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച ഒറ്റയ്ക്ക് നേടിയത് 50 സീറ്റുകളായിരുന്നു.
മഹാരാഷ്ട്രയിലും എക്‌സിറ്റ് പോൾ ജയിക്കുമെന്ന് പറഞ്ഞ സഖ്യം തന്നെ വിജയിച്ചെങ്കിലും, നേട്ടത്തിന്റെ തോത് പ്രവചിച്ചതിൽ വീഴ്ച പറ്റിയിരുന്നു. 288 അംഗ നിയമസഭയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം 150 മുതൽ 170 വരെ സീറ്റുകൾ നേടുമെന്ന് പോൾ വിദഗ്ധർ പ്രവചിച്ചിരുന്നു. പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് 110 മുതൽ 130 വരെ സീറ്റുകളായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ മഹായുതിയുടെ പ്രകടനം എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി. 288ൽ 235 സീറ്റുനേടിയായിരുന്നു മഹായുതി എല്ലാവരെയും ഞെട്ടിച്ചത്.
ഏറ്റവും അവസാനമായി പറയാനുള്ളത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. പല എക്‌സിറ്റ് പോളുകളും എൻ ഡി എ യ്ക്ക് പ്രവചിച്ചത് 400 ലധികം സീറ്റുകളായിരുന്നു. എന്നാൽ സംഭവിച്ചതോ, എൻ ഡി എ 293 സീറ്റിലൊതുങ്ങി. 2019 നേക്കാൾ 63 സീറ്റ് കുറഞ്ഞ ബിജെപിക്ക് ആകെ ലഭിച്ചത് 240 സീറ്റുകളായിരുന്നു. എക്‌സിറ്റ് പോൾ തെറ്റിയതോർത്ത് ആക്‌സിസ് മൈ ഇന്ത്യ ചെയർമാൻ പ്രദീപ് ഗുപ്ത, ലൈവിലിരുന്ന് വിതുമ്പുന്നതുപോലും അന്ന് രാജ്യം കണ്ടു.
ഇങ്ങനെ പരിശോധിച്ചാൽ, ഇനിയുമുണ്ട് നിരവധി ഉദാഹരണങ്ങൾ. അതുകൊണ്ടുതന്നെ എക്‌സിറ്റ് പോളുകളെ അന്തമായി വിശ്വസിക്കുക സാധ്യമല്ല. എന്തുതന്നെയായാലും രണ്ടുദിവസങ്ങൾക്കപ്പുറം, നവംബർ 14നു ബിഹാറിൽ വോട്ടെണ്ണുമ്പോളറിയാം ബീഹാർ ജനതയുടെ യഥാർത്ഥ ജനവിധി.
Adjust Story Font
16

