Quantcast

ഭാര്യയെ നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസി ടിവി ക്യാമറകൾ, അയൽക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദനം; വിവാഹം കഴിഞ്ഞ് 48-ാം ദിവസം യുവതി ജീവനൊടുക്കിയ നിലയിൽ

വിശാഖയുടെ ഭര്‍ത്താവ് നിതിൻ തിലകര്‍ ഡോക്ടറാണ്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-06-18 05:00:54

Published:

18 Jun 2026 8:23 AM IST

ഭാര്യയെ നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസി ടിവി ക്യാമറകൾ, അയൽക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദനം; വിവാഹം കഴിഞ്ഞ് 48-ാം ദിവസം യുവതി ജീവനൊടുക്കിയ നിലയിൽ
X

താനെ: ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയതായി പരാതി. മുംബൈ താനെയിലുള്ള വിശാഖ തിലകറിനെയാണ് (26) ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങൾക്കുള്ളിലാണ് യുവതിയുടെ മരണം.

വിശാഖയുടെ ഭര്‍ത്താവ് നിതിൻ തിലകര്‍ ഡോക്ടറാണ്. ഏപ്രിൽ 30നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം നിശ്ചയിച്ചതിന് ശേഷം എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ എല്ലാം മാറിമറിഞ്ഞു. ആഗ്രഹിച്ച സ്ത്രീധനം ലഭിക്കാത്തതിൽ ഭര്‍തൃവീട്ടുകാര്‍ അസ്വസ്ഥരായിരുന്നുവെന്ന് വിശാഖയുടെ കുടുംബം ആരോപിക്കുന്നു. വീട്ടിൽ നിന്നും സ്വര്‍ണവും പണവും കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിതിന്‍റെ കുടുംബം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അയൽവാസിയോട് സംസാരിച്ചതിന് വിശാഖയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ച സംഭവമുണ്ടായിട്ടുമുണ്ട്.

കൂടാതെ അംബർനാഥിലെ ദമ്പതികളുടെ വീടിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിലൂടെ നിതിൻ വിശാഖയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. വീടിന് പുറത്ത് ആരോടെങ്കിലും സംസാരിച്ചാൽ ക്രൂരമായി മര്‍ദിക്കും. ആത്മഹത്യയ്ക്ക് മുമ്പ്, വിശാഖ അമ്മയോട് താൻ അനുഭവിച്ചുകൊണ്ടിരുന്ന പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് കുടുംബം പറഞ്ഞു.

സംഭവത്തിൽ നിതിൻ തിലകർ, അമ്മ ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെ അംബർനാഥിലെ ശിവാജിനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിതിനെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ടുപേർക്കായി തിരച്ചിൽ ആരംഭിച്ചതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

TAGS :

Next Story