Quantcast

ആശുപത്രിയിൽ വൈദ്യുതി നിലച്ചു; അപകടത്തിൽ പരിക്കേറ്റെത്തിയവരെ ചികിത്സിച്ചത് മൊബൈൽ വെളിച്ചത്തിൽ

അടിയന്തര ലോഡ്ഷെഡിങ് ആണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്.

MediaOne Logo

Web Desk

  • Published:

    3 Sep 2023 11:17 AM GMT

Doctors treat patients under mobile torch at Andhra hospital
X

അമരാവതി: ആശുപത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് രോ​ഗികളെ ചികിത്സിച്ചത് മൊബൈൽ വെളിച്ചത്തിൽ. അപകടത്തിൽ പരിക്കേറ്റെത്തിയവർക്കാണ് മൊബൈൽ ഫ്ലാഷ്ലൈറ്റ് അടിച്ച് ഡോക്ടർമാരും നഴ്സുമാരും മുറിവുകളിൽ മരുന്ന് വച്ച് കെട്ടിയത്. ആന്ധ്രാപ്രദേശിലെ മന്യം ജില്ലയിലെ പവിത്രപുരത്തെ കുറുപം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം.

അടിയന്തര ലോഡ്ഷെഡിങ് ആണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയാണ്, യാത്രയ്ക്കിടെ ബ്രേക്ക് പൊട്ടി ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവരിൽ രണ്ട് പേരുടെ പരിക്ക് ​ഗുരുതരമായിരുന്നു.

അപകട സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കറന്റ് ഇല്ലാത്തതിനാൽ ഡോക്ടർമാർ അടക്കമുള്ളവർക്ക് രോ​ഗികളെ മൊബൈൽ വെളിച്ചത്തിൽ ചികിത്സിക്കേണ്ടിവരികയായിരുന്നു.

രോ​ഗികളെ കട്ടിലിൽ കിടത്തി നഴ്സുമാർ ഒരു കൈയിൽ മൊബൈൽ പിടിച്ച് മുറിവിലേക്ക് ഫ്ലാഷ്ലൈറ്റടിക്കുകയും മറു കൈ കൊണ്ട് മുറിവ് വൃത്തിയാക്കുകയും ചെയ്തു. തുടർന്ന് മരുന്ന് വയ്ക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി നേതാവുമായ എൻ. ചന്ദ്രബാബു നായിഡു അടക്കമുള്ളവർ വീഡിയോ എക്സിൽ പങ്കുവയ്ക്കുകയും ജ​ഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

“വൈദ്യുതി നിലച്ച സമയത്ത് ഫ്ലാഷ്‌ലൈറ്റിന് കീഴിൽ രോഗിക്ക് ചികിത്സ നൽകാൻ ഡോക്ടർമാർ നിർബന്ധിതരാകുന്ന കുറുപത്തിലെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നു. വീടുകൾ, കൃഷി, വ്യവസായം എന്നിവയുൾപ്പെടെ ആന്ധ്രാപ്രദേശിലെ വിവിധ മേഖലകളിൽ പവർ കട്ട് വലിയ ദുരിതം സൃഷ്ടിക്കുന്നു”- നായിഡു എക്‌സിൽ എഴുതി.

നേരത്തെ, ഇതേ ജില്ലയിലെ സാലൂർ നഗരത്തിലെ ഏരിയാ ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്നാണ് ആശുപത്രികൾ ഇരുട്ടിലായത്. വൈദ്യുതി മുടക്കം രോഗികളെയും ആശുപത്രി ജീവനക്കാരെയും കടുത്ത ബുദ്ധിമുട്ടിലാക്കുകയായിരുന്നു.



TAGS :

Next Story