Quantcast

വിജയ്‍യുടെ കടുത്ത ആരാധിക; നായകനെ കാണാൻ പോയത് രണ്ട് വയസുള്ള മകനെ സഹോദരിയെ ഏൽപിച്ച്, ഒടുവിൽ കണ്ണീര്‍ മടക്കം

കരൂരിൽ അപകടമുണ്ടായെന്ന വാര്‍ത്തപ്പോൾ മുതൽ ബൃന്ദയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സഹോദരി

MediaOne Logo

Web Desk

  • Updated:

    2025-09-29 02:46:37.0

Published:

29 Sept 2025 8:13 AM IST

വിജയ്‍യുടെ കടുത്ത ആരാധിക; നായകനെ കാണാൻ പോയത് രണ്ട് വയസുള്ള മകനെ സഹോദരിയെ ഏൽപിച്ച്, ഒടുവിൽ കണ്ണീര്‍ മടക്കം
X

കരൂര്‍ ദുരന്തത്തിൽ മരിച്ച ബൃന്ദ Photo| NDTV

കരൂര്‍: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് ശനിയാഴ്ച കരൂര്‍ സാക്ഷ്യം വഹിച്ചത്. വെള്ളിത്തിരയിലെ നായകനെ കാണാനെത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരണമടയുകയായിരുന്നു. 40 പേരുടെ ജീവനെടുത്ത റാലിയിൽ 18 മാസം പ്രായമുളള കുഞ്ഞ് മുതൽ 55കാരി വരെയുണ്ടായിരുന്നു. മരിച്ച 22കാരിയായ ബൃന്ദ രണ്ട് വയസുകാരനായ മകനെ സഹോദരിയെ ഏൽപിച്ചാണ് വിജയിനെ കാണാൻ പോയത്. എന്നാൽ ചേതനയറ്റ ബൃന്ദയെയാണ് പിന്നീട് വീട്ടുകാര്‍ക്ക് കാണാനായത്.

കരൂരിൽ അപകടമുണ്ടായെന്ന വാര്‍ത്തപ്പോൾ മുതൽ ബൃന്ദയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സഹോദരി എൻഡി ടിവിയോട് പറഞ്ഞു. ഇന്നലെ രാവിലെയാണ് മരണവാര്‍ത്തയറിയുന്നത്. ''എന്‍റെ സഹോദരി അവരുടെ കുഞ്ഞിനെ എന്‍റെ കയ്യിൽ ഏൽപിച്ചാണ് റാലിക്ക് പോയത്. വൈകിട്ട് നാല് മണിയായപ്പോൾ ഞങ്ങൾ അവളെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. പിന്നീട് പല തവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. രാത്രി 10 മണിക്കേ ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു. രാവിലെ ചേച്ചിയുടെ ഭര്‍ത്താവ് അവരുടെ ഫോട്ടോ സംഘാടകര്‍ക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് മരിച്ചതായി അറിയുന്നത്'' സഹോദരി പറഞ്ഞു.

മരണങ്ങളിൽ വിജയ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നഷ്ടപരിഹരം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിനോട് ബൃന്ദയുടെ കുടുംബം രൂക്ഷമായാണ് പ്രതികരിച്ചത്. ‘പണം വേണ്ട സഹോദരിയെ മതിയെന്നാണ്’ കുടുംബം പറഞ്ഞത്. പൊതുയോഗങ്ങൾക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യാതെ അപകടങ്ങൾ വിളിച്ചു വരുത്തിയിട്ട് നടത്തുന്ന പ്രഖ്യാപനങ്ങൾ അർത്ഥശൂന്യമാണ്. നഷ്ടപരിഹാരം ഒന്നിനും ഒരു പരിഹാരമല്ലെന്നും ബൃന്ദയുടെ സഹോദരി പറഞ്ഞു.

"ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കിൽ, സ്ഥലവും ആളുകൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുക. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് കൊണ്ട് മാത്രം ഒന്നും പരിഹരിക്കപ്പെടില്ല. എനിക്ക് പണം വേണ്ട, എന്‍റെ സഹോദരിയുടെ ജീവൻ തിരികെ വേണം. അവർക്ക് അവളുടെ ജീവൻ തിരികെ നൽകാൻ കഴിയുമോ?" സഹോദരി ചോദിച്ചു.

അതേസമയം കരൂർ ദുരന്തത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹരജി ഇന്ന് മദ്രാസ് ഹൈക്കോടതിപരിഗണിക്കും. അപകടം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. വിജയ്ക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഡിഎംകെയുടെ നിലപാട്.

TAGS :

Next Story