മദ്യപിച്ചെത്തിയ യാത്രക്കാരൻ 'ഹര്‍ ഹര്‍ മഹാദേവ' വിളിക്കാൻ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; വിമാനം മൂന്ന് മണിക്കൂര്‍ വൈകി
എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്നും മതപരമായ ഉദ്ദേശ്യത്തോടെയല്ല 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് അഭിവാദ്യം ചെയ്തതതെന്നും യാത്രക്കാരൻ പറഞ്ഞു

കൊൽക്കത്ത: ഡൽഹി-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകി. സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ 6E 6571 നമ്പര്‍ വിമാനത്തിലാണ് സംഭവം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
31D യിൽ ഇരുന്ന യാത്രക്കാരൻ മദ്യപിച്ചാണ് വിമാനത്തിൽ കയറിയതെന്നും സഹയാത്രികരോടെ മതപരമായ മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ടുവെന്നും എയര്‍ഹോസ്റ്റസ് പറഞ്ഞു. വിമാനം പറന്നുയര്‍ന്നതിന് ശേഷം ഇയാൾ ഒരു സോഫ്റ്റ് ഡ്രിങ്ക് കുപ്പി ഒളിപ്പിക്കാൻ ശ്രമിച്ചതായും ഇതിന് മദ്യത്തിന്‍റെ ഗന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ യാത്രക്കാരൻ കുപ്പിയിലുണ്ടായിരുന്ന മദ്യം തിടുക്കത്തിൽ കുടിക്കുകയും ചെയ്തു.
എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്നും മതപരമായ ഉദ്ദേശ്യത്തോടെയല്ല 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് അഭിവാദ്യം ചെയ്തതതെന്നും യാത്രക്കാരൻ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിൽ കയറുന്നതിന് മുമ്പ് താൻ ഒരു ബിയർ കുടിച്ചുവെന്നും അത് തെളിയിക്കാൻ തന്‍റെ കൈവശം വാങ്ങിയ രസീത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെത്തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകിയെന്നും ഡൽഹിയിലെ പാര്‍ക്കിംഗ് ബേയിൽ കുടുങ്ങിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കൊൽക്കൊത്തയിലെത്തിയപ്പോൾ പ്രശ്നക്കാരനായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
Adjust Story Font
16

