Quantcast

ബലാത്സംഗത്തിനിരയായ യുവതിയുടെ നവജാത ശിശുവിനെ നാലരലക്ഷം രൂപക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മം​ഗളൂരുവിലെ ദുർ​ഗാവാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ ആണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    4 Sept 2025 9:23 PM IST

ബലാത്സംഗത്തിനിരയായ യുവതിയുടെ നവജാത ശിശുവിനെ നാലരലക്ഷം രൂപക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
X

മംഗളൂരു: ബലാത്സംഗത്തിന് ഇരയായ യുവതിയുടെ നവജാത ശിശുവിനെ വിറ്റ കേസില്‍ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗമായ ദുര്‍ഗാവാഹിനി നേതാവുള്‍പ്പെടെ മൂന്നു പേരെ ഷിര്‍വ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമന്‍, മംഗളൂരുവില്‍ പേയിങ് ഗസ്റ്റ് സ്ഥാപനം നടത്തുന്ന ദുര്‍ഗാവാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നവനീത് നാരായണ്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

ഷിര്‍വയിലെ കല്ലുഗുഡ്ഡെയില്‍ നിന്നുള്ള മക്കളില്ലാത്ത രമേശ് മൗല്യ- പ്രഭാവതി ദമ്പതികള്‍ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവരുടെ ബന്ധുവായ പ്രിയങ്ക വിജയലക്ഷ്മിക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് തന്റെ പിജി താമസസ്ഥലത്ത് ജോലി ചെയ്യുന്ന അവിവാഹിതയായ സ്ത്രീയുടെ കുഞ്ഞിനെ അവര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. പ്രസവശേഷം കുഞ്ഞിനെ വില്‍ക്കാന്‍ വിജയലക്ഷ്മിയും ഡോ. സോമേഷും ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. വൈദ്യപരിശോധനക്കിടെ ഗര്‍ഭിണിയായ സ്ത്രീയുടെ ആധാര്‍ കാര്‍ഡിന് പകരം പ്രഭാവതിയുടെ ആധാര്‍ കാര്‍ഡാണ് ഉപയോഗിച്ചത്. പിന്നീട് കുഞ്ഞ് പ്രഭാവതിയുടെ സ്വന്തമാണെന്ന് അവകാശപ്പെടാന്‍ വേണ്ടിയാണിത്.

ആഗസ്റ്റ് മൂന്നിനാണ് മംഗളൂരുവിലെ കൊളാസോ ആശുപത്രിയില്‍ സിസേറിയന്‍ വഴി യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് കുഞ്ഞിനെ 4.5 ലക്ഷം രൂപക്ക് പ്രഭാവതിക്കും ഭര്‍ത്താവിനും കൈമാറുകയായിരുന്നു എന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തില്‍ നവനീത് നാരായണ്‍ എന്നയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതാണെന്ന് കണ്ടെത്തി.

വിജയലക്ഷ്മിക്ക് നിരവധി സംഘടനകളുമായി ബന്ധമുണ്ടെന്നും മംഗളൂരുവില്‍ ഒരു ആശുപത്രി കാന്റീന്‍ നടത്തുന്നുണ്ടെന്നും എസ്പി ശങ്കര്‍ വെളിപ്പെടുത്തി. പ്രഭാവതിയും ഭര്‍ത്താവും കുഞ്ഞിനെ അംഗണവാടി കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. ദമ്പതികള്‍ക്ക് കുട്ടികളില്ലെന്നറിയാവുന്ന ജീവനക്കാര്‍ക്ക് സംശയം തോന്നി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.

TAGS :

Next Story