'നിലവിൽ ഈ രോഗത്തിന് ലോകത്തെവിടെയും ചികിത്സയില്ല, വീട്ടിലൊരു ഐസിയു തന്നെ സജ്ജീകരിച്ചിട്ടുണ്ട്'; മക്കളുടെ രോഗാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
നെമലൈൻ മയോപ്പതി ചലനശേഷിയെയാണ് ബാധിക്കുന്നത്

ഡൽഹി: സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നവംബറിൽ വിരമിച്ചിട്ടും ഇതുവരെ ഔദ്യോഗിക വസതി ഒഴിയാത്തത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ജസ്റ്റിസിനെ അടിയന്തരമായി വസതിയിൽ നിന്നും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി അഡ്മിനിസ്ട്രേഷൻ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുകയും ചെയ്തു. എന്നാൽ മക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാരണങ്ങളാലാണ് വസതി ഒഴിയാത്തതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
എല്ലാം പാക്ക് ചെയ്തുകഴിഞ്ഞെന്നും വീട് ഒഴിയാൻ പത്ത് ദിവസമെടുത്തേക്കുമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ചന്ദ്രചൂഡിന്‍റെ രണ്ട് പെൺമക്കളും നെമലൈൻ മയോപതി എന്ന രോഗാവസ്ഥക്ക് എയിംസിൽ വിദഗ്ധ ചികിത്സയിലാണ്. മക്കൾക്ക് അനുയോജ്യമായ താമസസൗകര്യം കണ്ടെത്തിയാൽ ഉടൻ ഔദ്യോഗിക വസതി ഒഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മക്കളായ പ്രിയങ്കയെയും മഹിയെയും കുറിച്ചും ഭാര്യ കൽപന ദാസിനെക്കുറിച്ച് അദ്ദേഹം മനസ് തുറന്നു.
"പ്രിയങ്കയ്ക്കും മഹിക്കും അപൂര്‍വ ജനിതക രോഗമായ നെമലൈൻ മയോപതിയാണ്. ഇത് എല്ലുകളുമായി ബന്ധമുള്ള, ചലനത്തെ സഹായിക്കുന്ന സ്കെലിറ്റൽ മസിലിനെയാണ് ബാധിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഗവേഷണം നടക്കുന്നുണ്ടെങ്കിലും ഈ രോഗത്തിന് നിലവിൽ ലോകത്ത് എവിടെയും ചികിത്സയോ രോഗശാന്തിയോ ഇല്ല'' മക്കളുടെ രോഗാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
നെമലൈൻ മയോപ്പതി ചലനശേഷിയെയാണ് ബാധിക്കുന്നത്. ശ്വസന സംവിധാനത്തെയും ഗുരുതരമായി ബാധിക്കും. ആഹാരം കഴിക്കുന്നതിലും ശ്വാസമെടുക്കുന്നതിലും സംസാരത്തിലും പ്രശ്നങ്ങളുണ്ടാകും. എല്ലാ അവയവങ്ങൾക്കും പ്രശ്നങ്ങളുണ്ടാക്കും. ഇരുവർക്കും ദിവസവും ശ്വസന, നാഡീ വ്യായാമം മുതൽ ഒക്യുപേഷനൽ തെറാപ്പി, പെയിൻ മാനേജ്മെന്‍റ് തുടങ്ങിയ വിവിധ പരിശീലനങ്ങൾ വേണം. നിലവിൽ താമസിക്കുന്ന വീട്ടിലെ ശുചിമുറിയുൾപ്പെടെ എല്ലാം അവരുടെ ആവശ്യങ്ങൾക്കായി പുനഃക്രമീകരിച്ചിട്ടുണ്ട്. പെട്ടെന്ന് മറ്റൊരു വീട്ടിലേക്കു മാറുകയെന്നത് ആലോചിക്കാനാകാത്ത കാര്യമാണ്.
സർക്കാർ നേരത്തേ വാടകയ്ക്ക് ഒരു താൽക്കാലിക വീട് അനുവദിച്ചിരുന്നു. എന്നാൽ അതു രണ്ടു വർഷമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നുവെന്നും നിലവിൽ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് പറഞ്ഞു. വീട്ടിലെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞെന്നും വീടിന്‍റെ പണി കഴിഞ്ഞാലുടൻ അവിടേക്ക് താമസം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ഡിസംബർ മുതൽ പ്രിയങ്ക ശ്വസന സഹായിയുടെ ബലത്തിലാണ് ജീവിക്കുന്നത്. വീട്ടിലൊരു ഐസിയു സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. പൊടി, അലർജി, അണുബാധ എന്നിവയിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം വേണം. പൾമണോളജിസ്റ്റ്, ഐസിയു സ്പെഷലിസ്റ്റ്, ന്യൂറോളജിസ്റ്റ്, റെസ്പിരേറ്ററി തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ഫിസിക്കൽ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, കൗൺസിലർമാർ തുടങ്ങിയവർ എല്ലാ ദിവസമോ ആഴ്ചയിലോ ഒരുമിച്ചു പ്രവർത്തിച്ചാണ് കുട്ടികളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
കുട്ടികളുടെ ക്ഷേമത്തിലാണ് എന്‍റെയും ഭാര്യ കൽപനയുടെയും ലോകം കറങ്ങുന്നത്. ലോകമെങ്ങുമുള്ള വിദഗ്ധ ഡോക്ടർമാർ, ഗവേഷകർ തുടങ്ങിയവരുമായി കൽപന ബന്ധപ്പെടുന്നുണ്ട്. രോഗശമനത്തിനുവേണ്ടിയുള്ള ഗവേഷണങ്ങൾ കൽപന തേടുന്നുണ്ട്. മാതാപിതാക്കളെന്ന നിലയിൽ കുട്ടികൾക്കുവേണ്ടി ഒരുമിച്ചുള്ള യാത്രപോലും ഞങ്ങൾ വേണ്ടെന്നു വയ്ക്കുകയാണ്. മക്കൾ ചെസ് കളിയിൽ മിടുക്കരാണ്. ഡൽഹിയിലെ സംസ്കൃതി സ്കൂളിൽ പഠിച്ചിരുന്നു. പക്ഷേ, പൂർത്തിയാക്കാനായില്ല. ഇപ്പോൾ വീട്ടിലിരുന്നാണ് പഠിപ്പിക്കുന്നത്. ഓരോ ദിവസത്തെയും കുട്ടികളുടെ കാര്യങ്ങൾ കൽപന ശ്രദ്ധയോടെ നോക്കുന്നുണ്ട്. കുട്ടികളുടെ അടുത്ത് സമയം ചെലവിടേണ്ടതുകൊണ്ട് ഞങ്ങൾ മറ്റു സദസ്സുകളിൽ പോകാറില്ല.’’ – അദ്ദേഹം പറഞ്ഞു. "11 പൂച്ചകളുടെ വളർത്തു മാതാപിതാക്കൾ കൂടിയാണ് ഞങ്ങളുടെ കുട്ടികൾ. മൃഗങ്ങളുമായും പക്ഷികളുമായും മഹിക്ക് ഒരു പ്രത്യേക ബന്ധമുണ്ട്. പ്രിയങ്കയും മഹിയും സജീവവും ധാർമ്മികവുമായ ജീവിതം നയിക്കുന്നവരാണ്. അവർ നമ്മളെ ഒരു വീഗൻ ജീവിതശൈലി സ്വീകരിക്കുന്നതിലേക്ക് നയിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി മുൻ ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ചതിന് ശേഷവും ഔദ്യോഗിക വസതിയിൽ കുറച്ചുകാലം താമസിക്കാൻ കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി."സിജെഐ ആയി വിരമിച്ച ജസ്റ്റിസ് യു.യു. ലളിതിന് വിരമിച്ച ശേഷം സഫ്ദർജംഗ് റോഡിൽ ഒരു വീടും ജസ്റ്റിസ് എൻ.വി. രമണയ്ക്ക് വിരമിച്ച ശേഷം തുഗ്ലക്ക് റോഡിൽ ഒരു വീടും നൽകി," അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം മറ്റ് നിരവധി ജഡ്ജിമാർക്കും കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകരായ അഭിനവ്, ചിന്ദൻ എന്നീ രണ്ട് ആൺമക്കൾ കൂടിയുണ്ട് ജസ്റ്റിസ് ചന്ദ്രചൂഡിന്.
Adjust Story Font
16

