തളർന്നു കിടക്കുന്ന ഭർത്താവിന്റെ മുന്നിൽ വെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പൊലീസിനെ സഹായിക്കാനെത്തിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നൽകാതിരിക്കാൻ

- Published:
19 Feb 2026 5:45 PM IST

ബംഗളുരു: കടം വാങ്ങിയ പണം തിരിച്ച് നൽകാതിരിക്കാൻ വയോധികയെ തളർന്ന് കിടക്കുന്ന ഭർത്താവിന്റെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ബംഗളുരു നെലമംഗലിയിലാണ് സംഭവം. പുലർച്ചെ ഭർത്താവിനൊപ്പം കട്ടിലിൽ കിടക്കുകയായിരുന്ന ശോഭയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ശിവകുമാർ പൊലീസിനെ സഹായിക്കാനും സജീവമായി ഉണ്ടായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഹോൾസെയിൽ വ്യാപാരസ്ഥാപനം നടത്തുന്ന ആളാണ് ശിവകുമാർ. പ്രതി ശോഭയിൽ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് നൽകാതിരിക്കാനും വീട്ടിലെ സ്വർണവും പണവും കവരാനുമായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഫ്‌ലാറ്റിലെത്തിയ ശിവകുമാർ ശോഭയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആളുകൾ വന്നപ്പോഴാണ് ശോഭ കൊല്ലപ്പെട്ട വിവരം പുറത്ത് അറിയുന്നത്. ചോരയിൽ കുളിച്ച് കിടന്നിരുന്ന ശോഭക്ക് സമീപത്ത് തന്നെ അനങ്ങാൻ കഴിയാതെ ഭർത്താവും ഉണ്ടായിരുന്നു. മുറിയിലെ ടിവിയും പ്രവർത്തിച്ചിരുന്നു. അയൽവാസികൾക്കൊപ്പം പൊലീസിനെ സഹായിക്കാൻ ശിവകുമാറും ഉണ്ടായിരുന്നു. സിസിടിവി പരിശോധിച്ചപ്പോൾ സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
കൊലപാതക ശേഷം 450 ഗ്രാം സ്വർണവും ഇയാൾ കവർന്നു. ഏതാണ്ട് 65 ലക്ഷം രൂപ വിലവരും കവർന്ന സ്വർണത്തിന് . പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച കത്തി, കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച മോട്ടോർ സൈക്കിൾ, മൊബൈൽ ഫോൺ എന്നിവ പൊലീസ് കണ്ടെടുത്തു. വയോധികരായ ദമ്പതികൾ താമസിക്കുന്ന വീടുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, കവർച്ച എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും ബംഗളുരു റൂറൽ പൊലീസ് അറിയിച്ചു.
Adjust Story Font
16
