തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ മൂന്നംഗ സമിതിയായി?
ഭരണഘടന അനുസരിച്ച് 1950 ജനുവരി 25നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡല്‍ഹിയിലെ പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. രാജ്യത്ത് എസ്‌ഐആര്‍ നടപ്പാക്കിയതിലൂടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് വോട്ട് നഷ്ടമായത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനം സൂക്ഷ്മമായി പരിശോധിക്കാന്‍ ആരംഭിച്ചു. പ്രധാനമായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന, കമ്മീഷനുള്ള ഫണ്ടിങ്, തെരഞ്ഞെടുപ്പിന് പുറമെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളിലാണ് പലരും സംശയം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കാം.
ഭരണഘടന അനുസരിച്ച് 1950 ജനുവരി 25നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത്. തുടക്കത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമുള്ള ഒരു ഏകാംഗ സമിതിയായിരുന്നു ഇത്. പിന്നീട് 1989 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നംഗ സമിതിയായി മാറി. എസ്.എസ് ധാനോ, വി.എസ് സീഗല്‍ എന്നിവരെയാണ് കമ്മീഷണര്‍മാരായി നിയമിച്ചത്.
രാജീവ് ഗാന്ധി സര്‍ക്കാരും അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആര്‍.വി.എസ് പെരി ശാത്രിയും തമ്മിലുണ്ടായ അഭിപ്രായ വ്യാത്യാസങ്ങളാണ് ഈ മാറ്റത്തിന് കാരണമായത്. എന്നാല്‍ രാജീവ് ഗാന്ധിക്ക് ശേഷം അധികാരത്തില്‍ വന്ന വി.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കുകയും കമ്മീഷനെ വീണ്ടും ഏകാംഗ സമിതിയായി മാറ്റുകയും ചെയ്തു.
തുടർന്ന് 1993 ഒക്ടോബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും മൂന്നംഗ സമിതിയായി. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എന്‍ ശേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന പി.വി നരസിംഹറാവു സര്‍ക്കാരാണ് ഈ മാറ്റം വരുത്തിയത്. എം.എസ് ഗില്ലും ജി.വി.ജി കൃഷ്ണമൂര്‍ത്തിയുമാണ് ഈ ഘട്ടത്തില്‍ കമ്മീഷണര്‍മായി ചുമതലയേറ്റത്.
കൂടാതെ, സിഇസിക്കും കമ്മീഷണര്‍മാര്‍ക്കും സുപ്രീകോടതി ജഡ്ജിയുടെ അതേ പദവിയും ആനുകൂല്യങ്ങളും നല്‍കിയ 1991ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തു. അഭിപ്രായ ഭിന്നതകള്‍ ഉണ്ടായാല്‍ ഭൂരിപക്ഷ അഭിപ്രായം നടപ്പിലാക്കുന്ന രീതിയാണ് ഇതിലൂടെ കൊണ്ടുവന്നത്. പ്രസ്തുത വ്യവസ്ഥകളെ ചോദ്യം ചെയ്തത് ടി.എന്‍ ശേഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 1995 ജൂലൈ 14ന് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഈ ഹരജി തള്ളി. ഇക്കാലയളവ് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു മൂന്നംഗ സമിതിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
65 വയസ് വരെയോ ആറ് വര്‍ഷമോ ആണ് കമ്മീഷണര്‍മാരുടെ കാലാവധി. ഏത് ആദ്യം വരുന്നുവോ അതിനനുസരിച്ച് സ്ഥാനമൊഴിയും. സുപ്രിംകോടതി ജഡ്ജിയെ പോലെ പാർലമെന്റ് നടപടികളിലൂടെ മാത്രമേ കമ്മീഷണര്‍മാരെ ഇംപീച്ച് ചെയ്യാന്‍ കഴിയുകയുള്ളു. ഡോ. സുഖ്ബീര്‍ സിങ് സിന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് നിലവിലെ കമ്മീഷണര്‍മാര്‍.
തെരഞ്ഞെടുപ്പ് കമ്മീഷനുള്ള ഫണ്ടിങ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സെക്രട്ടറിയേറ്റിന് ഒരു സ്വതന്ത്ര ബജറ്റാണുള്ളത്. കേന്ദ്ര ധനകാര്യ മന്ത്രാലയവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ ബജറ്റില്‍ അന്തിമ തീരുമാനമെടുക്കുന്നത്. പൊതുവെ, കമ്മീഷന്‍ സമര്‍പ്പിക്കുന്ന ബജറ്റ് ശിപാര്‍ശകള്‍ മന്ത്രാലയം അംഗീകരിക്കാറുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയക്ക് പുറമെയുള്ള കമ്മീഷന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍
- സിറ്റിങ് എംപിമാരുടെയും എംഎല്‍എമാരുടെയും അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ഉപദേശം നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്
- തെരഞ്ഞെടുപ്പുകളില്‍ അഴിമതി കാണിക്കുന്നവരെ കോടതികള്‍ കുറ്റക്കാരായി കണ്ടെത്തുന്നത് വരെ കേസുകള്‍ കമ്മീഷന്റെ പരിഗണനയില്‍ ആയിരിക്കും. തെറ്റായ രീതികള്‍ അവലംബിച്ചവർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളില്‍ അഭിപ്രായങ്ങളും രേഖപ്പെടുത്താം
- രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷനും അവയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിക്കുന്നതും കമ്മീഷന്റെ ചുമതലയാണ്
Adjust Story Font
16

