Quantcast

ഫലപ്രഖ്യാപന ദിവസം 68 ലക്ഷം സൈബർ ആക്രമണങ്ങൾ നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 40-ലധികം വ്യത്യസ്ത ആപ്ലിക്കേഷനുകളെയും പോർട്ടലുകളെയും ഒന്നിപ്പിച്ചു തയ്യാറാക്കിയ ECINET പ്ലാറ്റ്‌ഫോമിലാണ് സൈബർ ആക്രമണങ്ങൾ ഉണ്ടായത്

MediaOne Logo
ഫലപ്രഖ്യാപന ദിവസം 68 ലക്ഷം സൈബർ ആക്രമണങ്ങൾ നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
X

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നേരെ വൻതോതിലുള്ള സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി ഏകദേശം 68 ലക്ഷത്തിലധികം വ്യാജ കടന്നുകയറ്റ ശ്രമങ്ങളാണ് ഫലപ്രഖ്യാപന പോർട്ടലുകൾക്ക് നേരെ ഉണ്ടായത്. എന്നാൽ, കമ്മീഷന്റെ ശക്തമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ആക്രമണങ്ങളെല്ലാം വിജയകരമായി പ്രതിരോധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 40-ലധികം വ്യത്യസ്ത ആപ്ലിക്കേഷനുകളെയും പോർട്ടലുകളെയും ഒന്നിപ്പിച്ചു തയ്യാറാക്കിയ ECINET പ്ലാറ്റ്‌ഫോമിലാണ് സൈബർ ആക്രമണങ്ങൾ ഉണ്ടായത്. വോട്ടെണ്ണൽ നടന്ന മെയ് 4-ന് ഓരോ മിനിറ്റിലും ശരാശരി 3 കോടി ഹിറ്റുകളാണ് ഈ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന ദിവസങ്ങളിലായി ആകെ 98.3 കോടി ഹിറ്റുകൾ ഈ ആപ്പ് രേഖപ്പെടുത്തി.

2026 ജനുവരിയിൽ ഔദ്യോഗികമായി പുറത്തിറക്കിയ ഈ സംയോജിത ആപ്പ് ഇതിനോടകം 10 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. തത്സമയ നിരീക്ഷണത്തിനും വേഗത്തിലുള്ള അപ്ഡേഷനും ആപ് വളരെ സഹായകരമാണ്. 2025 നവംബറിൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിലാണ് ഇതിന്റെ ബീറ്റാ പതിപ്പ് ആദ്യമായി ഉപയോഗിച്ചത്. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ആദ്യമായി ക്യുആർ കോഡ് (QR Code) അധിഷ്ഠിത ഫോട്ടോ ഐഡന്റിറ്റി കാർഡ് സംവിധാനം ഏർപ്പെടുത്തി. വോട്ടെണ്ണൽ ദിവസം ഇത്തരത്തിലുള്ള 3.2 ലക്ഷം ക്യുആർ കോഡുകളാണ് ജനറേറ്റ് ചെയ്തത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃതമായി ആരെങ്കിലും പ്രവേശിക്കുന്നത് തടയാനും അംഗീകൃത വ്യക്തികൾക്ക് മാത്രം പ്രവേശനം നൽകാനും ഇതിലൂടെ സാധിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


TAGS :

Next Story